പേഴയ്ക്കാപ്പിള്ളി-ചെറുവട്ടൂര്‍ റോഡ് തകര്‍ന്നിട്ട് മൂന്നുമാസമായി

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി- ചെറുവട്ടൂര്‍ റോഡ് തകര്‍ന്ന് വലിയ കുഴികളായി കിടക്കാന്‍ തുടങ്ങിയിട്ട് മൂന്നുമാസമായി. അഞ്ചിടത്താണ് അഗാഥമായ കുഴികള്‍ ഉണ്ടായിട്ടുള്ളത്. നിരവധി നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും പിഡബ്ല്യൂഡി അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
പേഴയ്ക്കാപ്പിള്ളി-ചെറുവട്ടൂര്‍ റോഡിന് അഞ്ചര കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇതില്‍ നാല് കിലോമീറ്റര്‍ ദൂരം മൂവാറ്റപുഴ പിഡബ്ല്യൂഡി അധികൃതരുടെ അധികാര പരിധിയിലുള്ളതാണ്. ഈ റോഡ് ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്തിട്ട് അഞ്ച് വര്‍ഷത്തിലധികമായി. റോഡ് നിര്‍മാണത്തിനായി കോണ്‍ട്രാക്ടര്‍ എടുത്തയാള്‍ ടാറിങ് ജോലികള്‍ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും സൈഡ് നിര്‍മാണവും കാന നിര്‍മാണവും പൂര്‍ത്തീകരിക്കാതെ പോയതിനെതിരേ അന്നേ നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിരുന്നെങ്കിലും ആരും ഗൗരവമായി എടുത്തില്ല. ഇതോടെ റോഡ് പലഭാഗങ്ങളിലും പൊട്ടിപൊളിയാന്‍ തുടങ്ങിയിരുന്നു. യാത്ര ദുസ്സഹമാവുമ്പോള്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വരും. ഉടന്‍ ചെറിയ അറ്റകുറ്റ പണികള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടും.
എന്നാല്‍ ഇപ്പോള്‍ റോഡിന്റെ നിരവധി ഭാഗങ്ങളില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ എല്ലാ വാഹനങ്ങള്‍ക്കും യാത്ര ദുഷ്‌ക്കരമാവുകയാണ്. പായിപ്ര കവല, ഇലാഹിയ കോളജ് ജങ്ഷന്‍, മാവുംചുവട്, എസ്റ്റേറ്റ് പടി, കിണറുപടി എന്നീ അഞ്ചിടങ്ങളിലാണ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. അഞ്ചിടങ്ങളിലെ കുഴികളില്‍ ദിവസവും നിരവധി ഇരുചക്ര വാഹനയാത്രക്കാര്‍ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നത് നിത്യ സംഭവമാണ്. ഇരുചക്ര വാഹന യാത്രക്കാര്‍ അടുത്ത് വന്നതിനുശേഷമായിരിക്കും കുഴികള്‍ കാണുക. ഉടന്‍ ബ്രേക്ക് ചെയ്ത് വെട്ടിക്കുന്നതോടെ വാഹനം മറിയുകയാണ് പതിവ്. അപകടം പതിയിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡ് പോലും വച്ചിട്ടില്ലെന്ന പരാതിയും ജനങ്ങള്‍ക്കുണ്ട്.
കഴിഞ്ഞ ദിവസം സന്ധ്യയോടടുത്ത സമയത്ത് എസ്‌റ്റേറ്റ് പടി ഭാഗത്ത് റോഡിലൂടെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത് വന്നിരുന്ന ചെറിയ കുടുംബം സമീപത്തെ  കുഴിയില്‍ വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.  ഇവിടെയാണ് കൂടുതല്‍ അപകടം ഉണ്ടാവുന്നത്. ഒരുസൈഡ് കയറ്റവും ഒരു സൈഡ് ഇറക്കവും ആയതിനാല്‍ കുഴികളുടെ വലിപ്പവും ആഴവും അറിയുന്നത് അടുത്തുവരുമ്പോള്‍ മാത്രമാണ്. ഇതാണ് ഇവിടെ അപകടം കൂടുവാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. അടിയന്തരമായി അഞ്ചുസ്ഥലങ്ങളിലെ കുഴികള്‍ അടക്കുവാന്‍ പിഡബ്ല്യൂഡി അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരടെ ആവശ്യം.

RELATED STORIES

Share it
Top