പേരുകള്‍ ഓര്‍മിക്കാന്‍

ആളുകളുടെ പേര് ഓര്‍ക്കാതിരിക്കുന്നത് പലപ്പോഴും സാമൂഹികബന്ധങ്ങള്‍ തന്നെ തകര്‍ക്കുന്നതിനു കാരണമായേക്കും. വയസ്സു ചെല്ലുമ്പോള്‍ മസ്തിഷ്‌ക കോശങ്ങളില്‍ കുറവു വരുന്നതിനാല്‍ ഓര്‍മശക്തിയില്‍ കുറവു കണ്ടെന്നുവരും. അല്‍ട്‌സ്‌ഹെയ്‌മേഴ്‌സ് പോലുള്ള രോഗങ്ങള്‍ മൂലം ഓര്‍മയില്‍ സൂക്ഷിച്ചുവച്ച വസ്തുതകള്‍ ക്രമേണയായി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
എന്നാല്‍, പ്രായവ്യത്യാസമില്ലാതെ തന്നെ നമുക്ക് പേരുകള്‍ മറന്നുപോവുന്നു. യുഎസിലെ ഒരു പ്രശസ്ത സര്‍വകലാശാലയില്‍ ഓര്‍മശക്തിയെപ്പറ്റി ഗവേഷണം നടത്തുന്ന ഇന്ത്യന്‍വംശജനായ ചരണ്‍ വൈദ്യനാഥ് പറയുന്നത്, നാം കാര്യങ്ങള്‍ മറന്നുപോവുന്നതിന്റെ പ്രധാന കാരണം അവയില്‍ നമുക്ക് വേണ്ടത്ര താല്‍പര്യമില്ലാത്തതാണെന്നാണ്. എന്നാല്‍, അതു മാത്രമായിരിക്കില്ല കാരണമെന്നും വൈദ്യനാഥ് കൂട്ടിച്ചേര്‍ക്കുന്നു. സാധാരണ ഉപയോഗിക്കുന്ന നാമങ്ങള്‍ ഓര്‍ക്കുന്നത് ബുദ്ധിമുട്ടാണ്. അപൂര്‍വമായ പേരുള്ളവരെ തിരിച്ചറിയുക എളുപ്പമാണെങ്കിലും അവരുടെ പേര് വീണ്ടും ഓര്‍ക്കുക അത്ര എളുപ്പമല്ല. മസ്തിഷ്‌കത്തിലെ ഓര്‍മപേടകത്തില്‍ കയറിപ്പറ്റുന്നതിനു പല വസ്തുതകളും മല്‍സരിക്കുന്നു എന്നത് പരിഗണിക്കേണ്ടതുണ്ട്.
ഓര്‍മശക്തി മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗം, നാം കണ്ടുമുട്ടുന്നവരുടെ സവിശേഷതകളിലൊന്ന് ശ്രദ്ധിക്കുകയാണ്. ചിലപ്പോഴത് മുഖമാവാം; മറ്റു ചിലപ്പോള്‍ കണ്ടുമുട്ടുന്ന സാഹചര്യമാവാം. എന്നാല്‍ പ്രധാന കാര്യം, പേരുകള്‍ ഓര്‍മിക്കാതിരിക്കുന്നത് മനുഷ്യര്‍ക്കു പൊതുവായുള്ളതാണെന്ന വസ്തുത മറക്കാതിരിക്കലാണ്.

RELATED STORIES

Share it
Top