പേരില്‍ പലതുമുണ്ട്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് കേന്ദ്ര ഭരണകൂടം പ്രചരിപ്പിക്കുന്ന നേട്ടങ്ങളിലൊന്ന് തെരുവുകളുടെ പേരുമാറ്റമാണ്. ഇതിനകം പഴയ 23 പേരുകള്‍ സര്‍ക്കാര്‍ മാറ്റിയത്രേ. സ്വന്തം ചരിത്രത്തെക്കുറിച്ച് മതിപ്പില്ലാത്തവര്‍ക്ക് സവിശേഷമായുള്ള ഒരു സ്വഭാവമാണിത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളൊക്കെ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പേരിലാണ്. പല പദ്ധതികളും പേരു മാറ്റി അവതരിപ്പിക്കുകയായിരുന്നു. 1985ല്‍ നിലവില്‍ വന്ന ഇന്ദിരാ ആവാസ് യോജനയുടെ പേര് പ്രധാന്‍മന്ത്രി ഗ്രാമീണ്‍ ആവാസ് യോജനയായി മാറി. (എന്നാല്‍ അതിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും ഇന്ദിര തുടരുന്നു).
മുഗള്‍ രാജാക്കന്‍മാരുടെ പേരിലുള്ള നഗരവീഥികള്‍ അത്രയൊന്നും പ്രസിദ്ധരല്ലാത്ത, പ്രാദേശികരായ ഹിന്ദു നാട്ടുരാജാക്കന്‍മാരുടെ സ്മാരകങ്ങളായി മാറിയെങ്കിലും അത്തരം ചരിത്രധ്വംസനവുമായി എന്തുകൊണ്ടോ സര്‍ക്കാര്‍ മുന്നോട്ടുപോയില്ല. ചില മാറ്റങ്ങളൊക്കെ ചിരിക്കാന്‍ വക നല്‍കുന്നതുമാണ്. ശിവസേന ബോംബെ ഭരിച്ചപ്പോള്‍ നഗരത്തിന്റെ പേര് മുംബൈ എന്നാക്കി മാറ്റിയെങ്കിലും ആ പേരു തന്നെ പോര്‍ച്ചുഗീസ് സഞ്ചാരിയായ ദുവാര്‍തെ ബര്‍ബോസയുടെ വകയായിരുന്നു. ഭരണകൂടങ്ങള്‍ മറ്റുദ്ദേശ്യങ്ങള്‍ വച്ചുകൊണ്ടും പുനര്‍നാമകരണത്തിനു മുതിരും. മദ്യശാലകള്‍ തുറക്കുന്നതിന് സ്റ്റേറ്റ് ഹൈവേ എന്നത് പഞ്ചായത്ത് നിരത്ത് എന്നാക്കിയാല്‍ മതി. സര്‍ക്കാരിനും മദ്യപന്‍മാര്‍ക്കും അബ്കാരികള്‍ക്കും അതു വലിയ ഗുണം ചെയ്യും.

RELATED STORIES

Share it
Top