പേരിനു പിന്നില്‍

ടി പി ഫെല്ലിനി എന്ന സംവിധായകന്റെ സിനിമ മെയ് 4ന് റിലീസ് ചെയ്യാന്‍ പോവുന്നു. സിനിമാക്കമ്പം മൂത്ത് ഫെല്ലിനി എന്ന പേര് സ്വീകരിച്ചതാണ് ഇദ്ദേഹമെന്നു കരുതേണ്ട. വിഖ്യാത സംവിധായകനായ ഫെല്ലിനിയുടെ പേരിട്ടത് മാതാപിതാക്കള്‍ തന്നെയാണ്. ഫെല്ലിനിയുടെ സഹോദരന്റെ പേര് ഗൊദാര്‍ദ് എന്നാണ്. ലോകപ്രശസ്ത ചലച്ചിത്രനിര്‍മാതാക്കളുടെ പേരുമായി കോഴിക്കോട്ട് രണ്ടു സഹോദരന്‍മാര്‍.
മഹാപ്രതിഭകളുടെ പേരുകളുമായി ജീവിക്കുന്ന ധാരാളംപേര്‍ നമുക്കിടയിലുണ്ട്. സോക്രട്ടീസും ഐന്‍സ്‌റ്റൈനും മോപ്പസാങും പുഷ്‌കിനും സ്റ്റാലിനും ലെനിനും ജയപ്രകാശ് നാരായണനും ലോഹ്യയുമെല്ലാം മുണ്ടും മാടിക്കെട്ടി നമുക്കിടയിലൂടെ നടക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ല. തങ്ങളുടെ ആരാധനാമൂര്‍ത്തികളുടെ പേര് മക്കള്‍ക്കിട്ട് അച്ഛനമ്മമാര്‍ സായൂജ്യമടയുന്നതിന്റെ ലക്ഷണം മാത്രമാണത്. റഷ്യന്‍ പേരുകളുള്ള ധാരാളം പേര്‍ കേരളത്തിലുണ്ട്. ഈയിടെ അവരുടെ ഒരു സംഗമവും നടക്കുകയുണ്ടായി.
ഇമ്മട്ടില്‍ പേരിടുന്നതിനു പിന്നിലൊരു രാഷ്ട്രീയമുണ്ട്. മലയാളികള്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള പേരുകളിലൊന്നാണ് മോഹന്‍ദാസ്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ വ്യക്തിപ്രഭാവമാണ് ആ പേരിടലിനു പിന്നിലെ പ്രചോദനസ്രോതസ്സ്. ജവഹര്‍ ഇങ്ങനെയുള്ള മറ്റൊരു പേരാണ്. മുസ്‌ലിംകള്‍ക്കിടയില്‍ മുഹമ്മദ് അബ്ദുറഹിമാന്‍, ആസാദ് എന്നീ പേരുകള്‍ വളരെയധികമായി കാണാം.

RELATED STORIES

Share it
Top