പേരാവൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ സംഘര്‍ഷം

ഇരിട്ടി:  പേരാവൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ സംഘര്‍ഷം. കൈയേറ്റത്തിനിരയായ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിര്‍ത്തിയിട്ട മുസ്്‌ലിം ലീഗ് അംഗത്തിന്റെ കാര്‍ ഒരുസംഘം തകര്‍ത്തു. പ്രസിഡന്റിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പേരാവൂര്‍ ടൗണില്‍ സിപിഎമ്മിന്റെ ആഹ്വാനപ്രകാരം ഹര്‍ത്താല്‍ ആചരിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടെ പഞ്ചായത്തിന്റെ അധീനതയിലുള്ള കാന്റീ ന്‍, മില്‍ക്ക് ബൂത്ത് വിഷയങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫ് അംഗങ്ങളും എല്‍ഡിഎഫ് അംഗങ്ങളും തമ്മില്‍ നടന്ന വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇതിനിടെ യുഡിഎഫ് അംഗങ്ങള്‍ കൈയേറ്റം ചെയ്‌തെന്നാരോപിച്ച് പ്രസിഡന്റ് ജി ജി ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഞ്ചായത്ത് ഓഫിസിനുള്ളില്‍ മുദ്രാവാക്യം വിളിച്ച് ഉപരോധമാരംഭിച്ച യുഡിഎഫ് അംഗങ്ങളായ സുരേഷ് ചാലാറത്ത്, ജൂബിലി ചാക്കോ, സിറാജ് പൂക്കോത്ത്, ഡാര്‍ലി ടോമി എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനിടെ ഒരുസംഘം സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സിറാജ് പൂക്കോത്തിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.
നേരത്തേ സിപിഎം പ്രതിനിധിയായിരുന്ന സിറാജ് പൂക്കോത്ത് രാജിവച്ച് മുസ്്‌ലിംലീഗില്‍ ചേര്‍ന്ന ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ചാണ് പഞ്ചായത്ത് ഭരണസമിതിയിലെത്തിയത്. മുസ്്‌ലിം യൂത്ത്‌ലീഗ് ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. നസീര്‍ നെല്ലൂര്‍, സമീര്‍ പുന്നാട്, ശഹീര്‍ കീഴ്പ്പള്ളി, സക്കരിയ പാറയില്‍, അശ്‌റഫ് ചാവശ്ശേരി, ഇജാസ് ആറളം, ഫവാസ് പുന്നാട്, ഷുഹൈല്‍ പൊയിലന്‍, അജ്മല്‍ ആറളം, വി വി നിയാസ്, എന്‍ കെ ഷറഫുദ്ദീന്‍, ടി കെ മായിന്‍, ഷമീല്‍ മാത്രക്കല്‍, ടി ഖാലിദ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top