പേരാമ്പ്രയില്‍ പരക്കെ അക്രമം; വീടുകള്‍ക്കു നേരെ ബോംബേറ്‌

പേരാമ്പ്ര: കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎമ്മും ആര്‍എസ്എസ് വിമതവിഭാഗമായ ശിവജി സേവാസമിതിയും തമ്മില്‍ സംഘര്‍ഷമുണ്ടായ പേരാമ്പ്രയില്‍ ഇന്നലെ പുലര്‍ച്ചെ 4 വീടുകള്‍ക്ക് നേരെ ബോംബേറ്. സിപിഎം ബ്രാഞ്ച് സെക്രട്ടറി യു സി ഹനീഫയുടെ ഉണ്ണിക്കുന്ന് ചാലിലെ വീടിന് നേരെയും ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറി കല്ലോട്ടെ പാവട്ട് വയല്‍ ശ്രീകലയില്‍ സിദ്ധാര്‍ഥിന്റെ വീടിനും, കല്ലോട്ടെ ശിവജിസേന പ്രവര്‍ത്തകന്‍ പടിഞ്ഞാറയില്‍ സുമേഷിന്റെ വീടിനും ചേനോളി അമ്പാളിത്താഴയിലെ പാറക്കുതാഴ കൊല്ലിയില്‍ കല്യാണിയുടെ വീടിനു നേരെയുമാണ് അക്രമമുണ്ടായത്.
ഹനീഫയുടെ വീടിന്റെ വാതിലും ജനല്‍ചില്ലുകളും ടൈല്‍സുകളും തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ 12.40ഓടെയാണ് ഇവിടെ വീടിനു നേരെ ആക്രമണമുണ്ടായത്. സിദ്ധാര്‍ഥിന്റെ വീടിന്റെ വാതിലുകള്‍ പൂര്‍ണമായും മുന്‍വശത്തെ മൂന്ന് വാതിലോട് കൂടിയ ജനലും ബോംബേറില്‍ പൂര്‍ണമായും തകര്‍ന്നു. സ്റ്റീല്‍ബോംബാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ മൂവര്‍ സംഘമാണ് ആക്രമണം നടത്തിയതെന്നും അവരെ താന്‍ കണ്ടതായും സിദ്ധാര്‍ഥ് പറഞ്ഞു. കല്ലോട് വയങ്ങോട്ടുമ്മല്‍ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറയില്‍ നാരായണന്റെ വീടിന്റെ ചുവര്‍ ബോംബേറില്‍ തകര്‍ന്നു. സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്.
സ്‌ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ വാതില്‍ തുറന്ന് വന്നപ്പോള്‍ വാതിലിന് മുന്‍പിലായി കടലാസില്‍ നാടന്‍ ബോംബ് വച്ച് തീകൊടുത്ത നിലയിലുണ്ടായിരുന്നു. വാതില്‍ തുറക്കുന്ന നേരത്ത് സ്‌ഫോടനം നടത്തുകയായിരുന്നു ലക്ഷ്യം എന്നാല്‍ പേപ്പറിലെ തീയണഞ്ഞതിനാല്‍ ബോംബ് പൊട്ടിയില്ല. അതിനാല്‍ ആളപായവും ഉണ്ടായില്ല. പേരാമ്പ്ര സബ് ഇന്‍സ്പക്ടര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പൊട്ടാത്ത നിലയില്‍ കണ്ട നാടന്‍ ബോംബ് കസ്റ്റഡിയില്‍ എടുത്തു. എട്ടോളം പേര്‍ സംഘത്തിലുണ്ടായിരുന്നതായും പുലര്‍ച്ചെ നാലരയോടെയാണ് സംഭവമെന്നും നാരായണന്റെ ഭാര്യ സുമതി പറഞ്ഞു. നാരായണന്റെ മകന്‍ സുമേഷ് ശിവജിസേവ സമിതി പ്രവര്‍ത്തകനാണ്.
തളര്‍ന്നു കിടക്കുന്ന 86കാരിയായ ചേനോളി പാറയ്ക്കുതാഴെ കുനിയില്‍ കല്യാണിയുടെ വീടിന് നേരെ ആക്രമണം നടക്കുന്നത് രാത്രി പതിനൊന്ന് മണിയോടെയാണ്. കല്യാണിയും മകന്റെ ഭാര്യയും മകളും മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടാതിരുന്നത്. നാല്‍വര്‍സംഘം ഓടിപ്പോവുന്നത് വീട്ടുകാര്‍ കണ്ടതായും സംഘം റോഡില്‍ പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും വീട്ടുകാര്‍ അറിയിച്ചു.
കല്യാണിയുടെ ചെറുമകനായ മിഥുന്‍കൃഷ്ണക്ക് ശിവജിസേവ സമിതിയുമായി ബന്ധമുണ്ടന്ന് പറയുന്നു. കൂത്താളി മാമ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകനായ മജ്ഞുലാലിന്റെ വീടിന് സമീപം നിര്‍ത്തിയിട്ട ഇരുചക്രവാഹനം രാത്രി അഗ്‌നിക്കിരയാക്കി. കൈതക്കലില്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുനിയില്‍ രാജന്റെ ഉടമസ്ഥതയിലുള്ള രുചി ഹോട്ടലിനു നേരെയും അക്രമണമുണ്ടായി. രാജന്റെ മകന്‍ രാഹുല്‍രാജിനെ കാര്‍ത്തിക ഹോട്ടല്‍ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാണ്.
പേരാമ്പ്രയുടെ പരിസരങ്ങളില്‍ ഇന്നലെ രാത്രി സിപിഎം സ്തൂപങ്ങളും കൊടികളും നശിപ്പിച്ചു. നൊച്ചാട് ചേനോളി കനാല്‍ പാലത്തിന് സമീപം സ്ഥാപിച്ച സ്തൂപമാണ് തകര്‍ക്കപ്പെട്ടത്. എരവട്ടൂരില്‍ സിപിഎം പതാക തീയിട്ട് നശിപ്പിച്ച നിലയിലും കണ്ടെത്തി.

RELATED STORIES

Share it
Top