പേരാമ്പ്രയിലെ പോലിസുകാര്‍ സിപിഎം നേതാക്കള്‍ക്ക് വിടുവേല ചെയ്യുന്നെന്ന്‌

പേരാമ്പ്ര: സിപിഎം നേതാക്ക ള്‍ക്ക് വിടുവേല ചെയ്യുന്ന പേരാമ്പ്രയിലെ  പോലിസുകാര്‍ സേനയ്ക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍. ബോംബേറ് കേസിലെ  പ്രതിയെ  പോലിസ് കസ്റ്റഡിയില്‍ നിന്നും ബലമായി മോചിപ്പിച്ച സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര സ്റ്റേഷനിലെ പോലിസുകാര്‍ക്ക് യൂനിഫോം മാറ്റി തോട്ടിപ്പണിക്ക് പോകുന്നതാണ് നല്ലത്. സിപിഎം നേതാക്കള്‍ക്ക് അടുക്കള  പണിയെടുക്കുന്നതിനേക്കാള്‍ മാന്യത അതിനുണ്ടാവും. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലിസ് ജീപ്പ് തടഞ്ഞു നിര്‍ത്തി മോചിപ്പിക്കുമ്പോള്‍ പോലിസുകാര്‍ നോക്കിനിന്നത് അവരുടെ കൂറ് ആരോടാണെന്ന് വ്യക്തമാക്കുന്നതാണ്. സിപിഎം-പോലിസ് അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിന്റെ സമാധാനം തകര്‍ക്കുകയാണ്. ക്രിമിനലുകളെ സംരക്ഷിക്കുന്ന പോലിസ് നിരപരാധികളെ വേട്ടയാടുകയാണ്. വരാപ്പുഴ സംഭവം ഇതിന് ഉദാഹരണമാണെന്നും സുബ്രഹ്മണ്യന്‍ കുട്ടിച്ചേര്‍ത്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡ ന്റ് രാജന്‍ മരുതേരി അധ്യക്ഷത വഹിച്ചു.
കെ ബാലനാരായണന്‍, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, ഇ വി രാമചന്ദ്രന്‍, കെ കെ വിനോദന്‍, പി കെ രാഗേഷ്, ഇ അശോകന്‍, കെ പി വേണുഗോപാല്‍, എന്‍ പി വിജയന്‍, ജിതേഷ് മുതുകാട് സംസാരിച്ചു.

RELATED STORIES

Share it
Top