പേരറിവാളന്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കാം: സുപ്രിംകോടതി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രിംകോടതി. കേസ് അനന്തമായി നീളുകയാണെന്ന് നിരീക്ഷിച്ച കോടതി, കേസില്‍ പ്രതിയായ എ ജി പേരറിവാളന്‍ നല്‍കിയ ഹരജിയില്‍ വീണ്ടും വാദം കേള്‍ക്കാന്‍ തയ്യാറാണെന്നു വ്യക്തമാക്കി. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പേരറിവാളന്‍ നല്‍കിയ മൊഴികളിലെ ചില ഭാഗങ്ങള്‍ കേസന്വേഷിച്ച സിബിഐ ഒഴിവാക്കിയതായി അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ 27ന് സുപ്രിംകോടതി മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിലാണ് സിബിഐ മുന്‍ ഉദ്യോഗസ്ഥനായ ത്യാഗരാജന്‍, പേരറിവാളന്‍ നല്‍കിയ മൊഴികളിലെ ചില ഭാഗങ്ങള്‍ കേസന്വേഷിച്ച സിബിഐ ഒഴിവാക്കിയിരുന്നുവെന്ന കാര്യം വെളിപ്പെടുത്തിയിരുന്നത്. ഗൂഢാലോചന സംബന്ധിച്ചു നടത്തിയ അന്വേഷണം, അവരെത്തിയ നിഗമനം, സിബിഐ മുന്‍ ഉദ്യോഗസ്ഥന്റെ കുറ്റസമ്മതം എന്നിവ പരിഗണിച്ചാണ് കോടതി വീണ്ടും വാദം കേള്‍ക്കാമെന്നു സമ്മതിച്ചത്. ഗൂഢാലോചന സംബന്ധിച്ച  അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ശിക്ഷ റദ്ദാക്കണമെന്ന് പേരറിവാളന്റെ അഭിഭാഷകന്‍ ശങ്കരനാരായണന്‍ ഇന്നലെയും വാദിച്ചു. വീണ്ടും റിവ്യൂ ഹരജി നല്‍കാന്‍ കോടതി പേരറിവാളന്റെ അഭിഭാഷകന് നിര്‍ദേശം നല്‍കി. കേസ് വിശദമായി വാദം കേള്‍ക്കുന്നതിന് ജനുവരി 24ലേക്ക് മാറ്റി.

RELATED STORIES

Share it
Top