പേരക്കുട്ടിയെ നെഞ്ചോട് ചേര്‍ത്ത് ചോര്‍ന്നൊലിക്കുന്ന കുടിലില്‍ മുത്തശ്ശി

കുമരകം: മകളും മരുമകനും മക്കളെ ഉപേക്ഷിച്ചു പിണങ്ങി പിരിഞ്ഞതോടെ മൂന്നുപേരക്കിടാങ്ങള്‍ക്കു തുണയായി മുത്തശ്ശി പിന്നിട്ടത് അഞ്ചുവര്‍ഷം. കുമരകം 15ാം വാര്‍ഡില്‍ പള്ളിത്തോപ്പില്‍ ആലീസ് (55) എന്ന മുത്തശ്ശിയുടെയും പേരക്കിടാങ്ങളുടെയും താമസവും ജീവിതവും ആരെയും വേദനപ്പിക്കുന്ന തരത്തിലാണ്. രണ്ടു സെന്റില്‍ ചോര്‍ന്നൊലിക്കുന്ന കൂരയിലുള്ള ഇവരുടെ ദുരിത ജീവിതം അടുത്ത ദിവസമാണു പുറംലോക മറിഞ്ഞത്്. കഴിഞ്ഞ ആഴ്ച പെയ്ത കനത്തമഴയിലും കാറ്റിലും ടാര്‍ ഷീറ്റിട്ട പുരയുടെ മേല്‍ക്കൂരയും പലകമറയും നിലം പതിച്ചു. കൂരയുടെ മുറ്റത്ത് വെള്ളം നിറഞ്ഞതോടെ പുറത്തിറങ്ങാനും സാധിക്കാത്ത അവസ്ഥയിലുമാണ്. രാത്രിയില്‍ വീടിനുള്ളിലെ ആടി ഉലയുന്ന കട്ടിലില്‍ ഇളയപേരക്കിടാവിനെ മാറോടണച്ച് പ്ലാസ്റ്റിക് ചാക്ക് പുതച്ച് ഒറ്റക്കിടപ്പാണ് ഈ മുത്തശ്ശി. ആശ്രയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കുമരകം 18ല്‍ചിറ ബിനു ഈ വീട്ടിലെത്തിയതോടെയാണ് ഈ ദുരന്ത ജീവിതം പുറത്തറിഞ്ഞത്. സുമനസ്സുകളുടെ സഹായം തേടി ബിനു വീടിന്റെ പടവും വാര്‍ത്തയും ഫേസ്ബുക്കിലിട്ടു. ഇതു കണ്ട് ചങ്ങനാശ്ശേരി സ്വദേശി കലേഷ് പ്ലാസ്റ്റിക് പടുതവാങ്ങി കുട്ടുകാര്‍ക്കൊപ്പം കുമരകത്തെത്തി. ജനമൈത്രി പോലിസെത്തി കൂരയില്‍ പടുത വലിച്ചുകെട്ടി നനയാത്ത വിധത്തിലാക്കി. ആലീസിന്റെ മൂത്തമകള്‍ സിനിയുടെ മക്കളായ സുജിത (13), ശ്രുതി (12), സുര്യ (ഏഴ്) എന്നിവരുടെ ജീവിതമാണ്  ൗ മധ്യവയസ്‌കയുടെ ചുമലിലുള്ളത്.അഞ്ചു വര്‍ഷം മുമ്പ് സിനിയുടെ ഭര്‍ത്താവ് സുരേഷ് കുടുംബ കലഹത്തെ തുടര്‍ന്ന് വീടുവിട്ടു. മക്കളെ ഉപേക്ഷിച്ച് സിനിയും നാടുവിട്ടതോടെ കുട്ടികളുടെ ഉത്തരവാദിത്വം ആലീസിന്റെ ചുമലിലാവുകയായിരുന്നു. മൂത്ത രണ്ട് പെണ്‍കുട്ടികളെ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് മാവേലിക്കരയിലുള്ള കോണ്‍വെന്റുകാര്‍ പഠനചിലവും താമസവും ഒരുക്കി ഏറ്റെടുത്തു. അവധിക്ക് ഇവര്‍ മുത്തശ്ശിയെ കാണാന്‍ അധികൃതര്‍ക്കൊപ്പം എത്തും. ഇളയ മകന്‍ സൂര്യ കുമരകം സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കുളില്‍ പഠിക്കുകയാണ്. ഈ സ്‌കൂളില്‍ ശുചീകരണ ജോലി ചെയ്തു കിട്ടുന്ന തുകയും സുമനസ്സുകളുടെ സഹായവും ചേര്‍ത്താണ് ആലീസ് ഭക്ഷണത്തിനും മറ്റുമുള്ള ചിലവ് നടത്തുന്നത്. സുര്യ മാത്രമാണ് ഇപ്പോള്‍ മുത്തശ്ശിക്കൊപ്പം താമസിക്കുന്നത്. അഗതി ആശ്രയ പദ്ധതിയില്‍ ഈ കുടുംബത്തെ ചേര്‍ത്തിരുന്നെങ്കിലും സ്ഥല പരിമതിയും മറ്റു നിയമതടസ്സങ്ങളും പഞ്ചായത്തിന്റെ പദ്ധതി നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണ്. കുടികിടപ്പ് കിട്ടിയതാണു നിലവിലുള്ള രണ്ട് സെന്റ് സ്ഥലം. കുഞ്ഞുങ്ങളുമൊത്ത് അന്തിയുറങ്ങാന്‍ എന്നെങ്കിലും നല്ലൊരു വീടുണ്ടാക്കാന്‍ സഹായവുമായി ആരെങ്കിലും എത്തുമെന്ന് പ്രതീക്ഷയിലാണ് ആലീസ്.

RELATED STORIES

Share it
Top