പേമാരി: വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയെന്ന്; മലയോര മേഖലയിലെ ജനങ്ങള്‍ ആശങ്കയില്‍

ഇടുക്കി/കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.അതേസമയം, വെള്ളിയാഴ്ച വരെ കനത്ത മഴയുണ്ടാവുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ്  മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് മഴക്കെടുതിയെ നേരിടാന്‍ കലക്ടര്‍മാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയില്‍ മഴ ശക്തിപ്രാപിക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചതോടെ മലയോര മേഖലയിലെ ജനങ്ങള്‍ ആശങ്കയിലാണ്.ഇന്ന് ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്, എറണാകുളം ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്നത്തെ അവധിക്കു പകരം ജൂലൈ 21 പ്രവൃത്തിദിവസമായിരിക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇടുക്കിയില്‍ ലോറേഞ്ച്-ഹൈറേഞ്ച് വ്യത്യാസമില്ലാതെ മഴ ശക്തമായി തുടരുകയാണ്.കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 11 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 88ഓളം കുടുംബങ്ങളില്‍ നിന്നായി 469 പേരെ ഇവിടങ്ങളിലേക്കു മാറ്റി. വൈത്തിരി താലൂക്കിലാണ് കൂടുതല്‍ ക്യാംപുകള്‍. 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ രേഖപ്പെടുത്തിയ മഴ 113.33 മില്ലിമീറ്ററാണ്. ജില്ലയില്‍ ഒമ്പതു വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും ഞായറാഴ്ച മുതല്‍ തുടരുന്ന മഴ ഇന്നലെ മുതല്‍ ശക്തമായി. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായതായും വെള്ളിയാഴ്ച വരെ ഇത് തുടരുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുക. ഒപ്പം ഇടിമിന്നലും കാറ്റുമുണ്ടാവും.കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്.
കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണെന്നു കലക്ടര്‍മാര്‍ക്ക് മുന്നറിയിപ്പു ലഭിച്ചിട്ടുണ്ട്. രാത്രി മലയോര മേഖലയില്‍ യാത്രാ നിയന്ത്രണവും, കടല്‍ത്തീരം, ജലാശയങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകളും വര്‍ധിപ്പിച്ചു. കുറ്റിയാടിപ്പുഴയില്‍ വെള്ളം ക്രമാതീതമായി വര്‍ധിച്ചു. ഇത്് കാരണം കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഡാം ഷട്ടറുകള്‍ ഏതു നിമിഷവും തുറക്കുമെന്ന്് ഇറിഗേഷന്‍ സബ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കോഴിക്കോട്ട് 24 മണിക്കൂര്‍ നേരവും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് കരിഞ്ചോല മലയിലുണ്ടായ വന്‍ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഖനന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം തുടരും. വയനാട് ജില്ലയിലെ പല മേഖലകളിലും കനത്തമഴയാണ്. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. മണ്ണിടിച്ചിലും തുടരുന്നുണ്ട്. ജില്ലയില്‍ ഇന്നലെ വിദ്യാലയങ്ങള്‍ക്ക്് അവധിയായിരുന്നു. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 102 കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണു കണക്ക്. എന്നാല്‍ ഇത് ജൂണ്‍ 29 വരെയുള്ള കണക്ക് മാത്രമാണ്.

RELATED STORIES

Share it
Top