പേടി, പേടി...!

അമേരിക്കന്‍ സമൂഹത്തിന്റെ ഇന്നത്തെ മുഖ്യസ്വഭാവം പേടിയാണെന്ന് നോവലിസ്റ്റ് മരിലിന്‍ റോബിന്‍സണ്‍ ഈയിടെ എഴുതി. അമേരിക്കന്‍ തെരുവുകളില്‍ നിരായുധരായ മനുഷ്യരോടു പോലും പോലിസ് പെരുമാറുന്ന രീതി ഈ ഭീതിയുടെ ബഹിര്‍പ്രകടനമാണ്. സാധാരണക്കാരുടെയും കുട്ടികളുടെയും നേരെ പോലും ബലം പ്രയോഗിക്കുന്നതും വെടിവച്ചുവീഴ്ത്തുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. ഇരകളില്‍ അധികവും വെള്ളക്കാരല്ലാത്ത ജനവിഭാഗങ്ങളാണെന്നത് ഭീതിയുടെ യഥാര്‍ഥ കാരണം തുറന്നുകാണിക്കുന്നു.
ഭീതിയകറ്റാന്‍ നല്ലൊരു വഴിയാണ് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ദേശിച്ചിരിക്കുന്നത്. മുസ്‌ലിം നാമധാരികളായ ഒരാളെയും അമേരിക്കയില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. അമേരിക്കന്‍ പൗരന്മാരായ മുസ്‌ലിംകള്‍ വിദേശത്തു പോയാല്‍ അവര്‍ എങ്ങനെ നാട്ടിലെത്തും എന്നുപോലും അദ്ദേഹം പറയുന്നില്ല. മുസ്‌ലിം നാമധാരികളായ രാഷ്ട്രത്തലവന്മാരോ അംബാസഡര്‍മാരോ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുകയാണെങ്കില്‍ അതും പാടില്ലെന്നുവന്നേക്കും! സത്യത്തില്‍ ട്രംപിന്റെ നിലപാടുകള്‍ സമകാല അമേരിക്കയുടെ ദയനീയമായ ഒരു മുഖമാണ് ലോകത്തിനു കാഴ്ചവയ്ക്കുന്നത്. ചുറ്റുമുള്ള ലോകത്തെ ഒരു ഇലയനക്കം പോലും കേട്ടു ഞെട്ടുന്ന ഒരു സമൂഹം സത്യത്തില്‍ അനുകമ്പാര്‍ഹമാണ്. തങ്ങളുടെ രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്ന ഈ ദയനീയ പതനത്തിന് ആരാണ് യഥാര്‍ഥ ഉത്തരവാദിയെന്ന് അമേരിക്കന്‍ സമൂഹം ഇനിയെങ്കിലും തിരിച്ചറിയുമോ ആവോ!

RELATED STORIES

Share it
Top