പേടിച്ചേ പറ്റൂ, നാട്ടിലാകെ മീനായി

ഗ്രീന്‍ നോട്‌സ് - ജീയേജി അജയമോഹന്‍

പ്രളയം പടിയിറങ്ങി. പ്രകൃതി ഒന്നുമറിയാത്ത ഭാവത്തില്‍ കഥ തുടരുകയാണ്. ആഗസ്ത്-സപ്തംബര്‍ മാസങ്ങളിലെ കേരളം ഏറെ പ്രശാന്തസുന്ദരമാണ്. ഇത്തവണ ആ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണു മലയാളികള്‍ എന്നു മാത്രം.
തെളിഞ്ഞ ജലാശയങ്ങളും നീര്‍ത്തടങ്ങളുമാണ്് ഈ മാസങ്ങളുടെ പ്രധാന ഭംഗി. തുമ്പികള്‍ ധാരാളമായി വിരിഞ്ഞിറങ്ങുന്ന സമയമായതിനാല്‍ കുളക്കരകളിലും വയലോരങ്ങളിലുമെല്ലാം സംഗതി അല്‍പം കളറാണ്. കടും നിറമുള്ള സിന്ദൂരത്തുമ്പിയും തുരുമ്പന്‍തുമ്പിയും ശബരിമല ഭക്തരെ അനുസ്മരിപ്പിക്കുന്ന കറുപ്പുടുത്ത സ്വാമിത്തുമ്പിയും ചിത്രശലഭത്തെപ്പോലെ വര്‍ണപ്പകിട്ടുള്ള ശലഭത്തുമ്പിയുമൊക്കെക്കൂടി പകരുന്ന നിറപ്പകിട്ട് പലര്‍ക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന സുന്ദരമായ ഓര്‍മകൂടിയാണ്. വെള്ളയും ചുവപ്പും നീലയും നിറത്തിലുള്ള പൂക്കള്‍ വിരിയുന്ന ആമ്പലുകളാണ് നീര്‍ത്തടങ്ങള്‍ക്ക്് നിറംചാര്‍ത്തുന്ന മറ്റൊരു വിസ്മയം. ജലപ്പരപ്പിനു മീതെ മഞ്ഞ പുള്ളിക്കുത്തിടുന്ന മഞ്ഞകാക്കപ്പൂവാണ് മറ്റൊന്ന്. കരയിലെ ഇത്തരം നിറപ്പകിട്ടൊന്നും പൊതുവെ വെള്ളത്തിനടിയിലില്ല എന്നതാണ് നമ്മുടെ നാട്ടിലെ സ്ഥിതി.
എന്താണെന്നറിയില്ല നമ്മുടെ നാട്ടില്‍ മീനുകള്‍ക്കൊന്നും ഇത്തരത്തില്‍ നിറപ്പകിട്ടില്ല. കടും ചുവപ്പു നിറമുള്ള വരാലിന്റെ കുഞ്ഞുങ്ങള്‍ മാത്രമാണ് ഇതിനൊരപവാദം. എന്നാല്‍ ഇത്തവണ അങ്ങനെയാവില്ല കാര്യങ്ങള്‍. ഇളംവെയിലില്‍ പുഴക്കരയിലോ തോട്ടുവക്കിലോ വെള്ളത്തിലേക്കു കണ്ണുനട്ടിരുന്നാല്‍ അല്‍പം കളറൊക്കെ കണ്ടെന്നുവരാം.
പച്ച നിറമുള്ള ബേറ്റയും ചുവപ്പു നിറമുള്ള പ്ലാറ്റിയും നീല നിറമുള്ള ഗൗരാമിയുമൊക്കെ അക്കൂട്ടത്തിലുണ്ടാവാം. ഉടലില്‍ വെള്ളിവെളിച്ചം ഒളിപ്പിച്ചുവച്ച നിയോണ്‍ടെട്രയും ആമസോണിലെ മാലാഖമീനുമൊക്കെ പുളയുന്നുണ്ടാവാം നമ്മുടെ തോടുകളില്‍.
വെള്ളപ്പൊക്കത്തില്‍ മല്‍സ്യകര്‍ഷകരില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാണ് ഇവയെല്ലാം ജലാശയങ്ങളില്‍ എത്തിപ്പെട്ടിട്ടുള്ളത്. നിറപ്പകിട്ടുള്ള പൊടിമീനുകള്‍ മാത്രമല്ല, ആമസോണ്‍ നദിയില്‍ കാണപ്പെടുന്ന ആറടിയോളം വലുപ്പമുള്ള അറാപൈമ മല്‍സ്യം, മുതലമീന്‍ എന്നറിയപ്പെടുന്ന അലിഗേറ്റര്‍ ഗാര്‍ എന്നിവയൊക്കെ പലരുടെയും ചൂണ്ടയിലും വലയിലുമൊക്കെ കുടുങ്ങിയതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. അരലക്ഷം രൂപയിലേറെ വിലവരുന്ന കൂറ്റനൊരു അറാപൈമ മല്‍സ്യത്തെ, എന്താണെന്നോ ഏതാണെന്നോ അറിയാതെ ചിലര്‍ കീറിമുറിച്ച്് ഇറച്ചിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്്.
പിരാനയുടെ കുടുംബക്കാരനായ പാക്കു, ഗിഫ്റ്റ് തിലാപിയ, ഷാര്‍ക്ക് എന്നറിയപ്പെടുന്ന പംഗാസിസ് എന്നിവയൊക്കെ ജലാശയങ്ങളില്‍ എത്തിപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. തോട്ടിലും പുഴയിലുമൊന്നും മീനില്ല എന്ന പഴയ പരാതി തിര്‍ന്നില്ലേ എന്നു ചോദിക്കാന്‍ വരട്ടെ. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമാണ് ഉടലെടുത്തുകൊണ്ടിരിക്കുന്നത്.
വിദേശി മല്‍സ്യങ്ങള്‍ നമ്മുടെ സ്വാഭാവിക ജലാശയങ്ങളിലെത്തുമ്പോള്‍ സംജാതമാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇവ ഇവിടെ വംശവര്‍ധന നടത്തി തദ്ദേശീയ മല്‍സ്യങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കാനുള്ള സാധ്യത തന്നെ പ്രധാനം. പ്രളയത്തിനു മുമ്പുതന്നെ തിലോപ്പിയയും സക്കര്‍ക്യാറ്റ് മല്‍സ്യങ്ങളുമൊക്കെ കേരളത്തിനകത്തും പുറത്തുമുള്ള ജലാശയങ്ങളില്‍ സൃഷ്ടിച്ചുവരുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതാണ്. ഭാരതപ്പുഴയിലെ തിലാപ്പിയകളും കരമനയാറിലും വേളിയിലും വെള്ളായണിയിലുമൊക്കെ സസുഖം വാഴുന്ന സക്കര്‍ മല്‍സ്യങ്ങളുമൊക്കെ തദ്ദേശീയ മല്‍സ്യങ്ങളുടെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കിക്കഴിഞ്ഞു. വലിയ മല്‍സ്യങ്ങളായതിനാല്‍ ഇവയില്‍ പലതും വലയില്‍ പെട്ടെന്ന് കുടുങ്ങി പ്രശ്‌നം ഇല്ലാതാവുമെന്നാണ് മല്‍സ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
രണ്ടാമത്തെ പ്രശ്‌നം മല്‍സ്യരോഗങ്ങളാണ്. മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിദൂര സംസ്ഥാനങ്ങളില്‍നിന്നുമെല്ലാം ഇറക്കുമതി ചെയ്യപ്പെട്ട മല്‍സ്യങ്ങളും ചാടിപ്പോയവയുടെ കൂട്ടത്തിലുണ്ട്്. ഇവയില്‍ പലതും പലവിധത്തിലുള്ള രോഗങ്ങളുടെയും പരാദജീവികളുടെയും വാഹകരാണ്. കര്‍ഷകരുടെ കുളങ്ങളില്‍ നിന്ന്് ഈ മീനുകള്‍ മറ്റു ജലാശയങ്ങളിലെത്തുമ്പോള്‍ രോഗങ്ങള്‍ പകരാനും വ്യാപകമാവാനും സാധ്യതയേറെയാണ്.
കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ മീനുകള്‍ തീരേ ഇല്ലാതിരുന്നതായിരുന്നു പ്രളയത്തിനു മുമ്പത്തെ കേരളത്തിലെ വലിയൊരു പരിസ്ഥിതിപ്രശ്‌നം. പറമ്പുകളെല്ലാം പരസ്പരം വെള്ളം കടക്കാതെ കെട്ടിയടച്ചതുമൂലം മീനുകളുടെ സഞ്ചാരം തടസ്സപ്പെട്ടതായിരുന്നു ഇതിനു പ്രധാന കാരണമായത്്. തിന്നുതീര്‍ക്കാന്‍ പൊടിമീനുകളില്ലാത്തതിനാല്‍ കൊതുകുകള്‍ പെരുകി ഡെങ്കി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമായത് ഈ സാഹചര്യത്തിലായിരുന്നു. എന്നാല്‍, സകല വേലിക്കെട്ടുകളും കവിഞ്ഞ് പ്രളയജലമൊഴുകിയതോടെ നാട്ടിലെങ്ങും മീനായി. അങ്ങ് ആമസോണ്‍ നദിയില്‍ നിന്നുള്ള മല്‍സ്യങ്ങള്‍ വരെ നമ്മുടെ ജലാശയങ്ങളില്‍ താമസമാരംഭിച്ചിരിക്കുന്നു. പുതിയ പ്രശ്‌നമതാണ്. പ്രകൃതിയുടെ വികൃതി; അതോ മനുഷ്യന്റേതോ? ി

RELATED STORIES

Share it
Top