പേടിക്കേണ്ട, ഇവനാണ് പൊപ്പോലു

popoulu1 popoulu bananas

കടയില്‍ പുതുതായെത്തിയ വാഴക്കുല കണ്ട് ആളുകള്‍ തുറിച്ചു നോക്കുകയാണ്. ചിലര്‍ തൊട്ടുതലോടി നോക്കുന്നു, 'നല്ല രാസവളമാണ്. കണ്ടില്ലേ കൊഴുത്തുരുണ്ട് വീര്‍ത്തു നില്‍ക്കുന്നത്- ചിലര്‍ തട്ടിവിടുന്നുമുണ്ട്. ഇതെല്ലാം കണ്ടും കേട്ടും തുറിച്ച കണ്ണുപോലെയുള്ളപഴങ്ങളും ആളുകളെ മിഴിച്ചു നോക്കുന്നുണ്ട്.
വിചിത്ര രൂപിയായ പഴം ഒരെണ്ണം കടക്കാരന്‍ തന്നെ ഇരിഞ്ഞു കാണിച്ചു. വലിപ്പവും ആകൃതിയുമൊക്കെ കണ്ടാല്‍ പൂവന്‍പഴത്തിന്റെയോ മൊന്തന്റേയോ ചേട്ടനാണെന്നു തോന്നുമെങ്കിലും അകത്തുള്ളത് സാക്ഷാല്‍ നേന്ത്രപ്പഴം. രുചിയിലും മണത്തിലുമൊക്കെ തനി നേന്ത്രന്‍.
വിചിത്ര രൂപിയായ ഈ പഴം കേരളത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ വില്‍പനയ്‌ക്കെത്തിയിട്ടുണ്ട്. ഇവന്റെ പേരും വിചിത്രമാണ്- പൊപ്പോലു.
കണ്ണാറ വാഴഗവേഷണകേന്ദ്രമാണ് ഹവായി പ്രദേശത്തെ പ്രിയപ്പെട്ട പഴമായ ഇവനെ കേരളത്തിലെത്തിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്.

പുതിയ ഇനം പരീക്ഷിക്കാന്‍ തയ്യാറായ കര്‍ഷകര്‍ക്കെല്ലാം നല്ല വിളവു തന്നെ ലഭിച്ചു. പക്ഷേ കടയില്‍ വില്‍പനയ്‌ക്കെത്തിച്ചപ്പോഴാണ് പ്രശ്‌നം. രാസവളമടിച്ച് വീര്‍പ്പിച്ച കായകളാണെന്ന ധാരണയില്‍ ഇവനെ വാങ്ങാനും തിന്നു നോക്കാനും പോലും പലരും ആദ്യം മടിച്ചു. കുല തിരിച്ചുകൊണ്ടു പോകാന്‍ വരെ ചില കടക്കാര്‍ കര്‍ഷകരോടാവശ്യപ്പെട്ടു. പിന്നെപ്പിന്നെ ആളുകള്‍ക്കു പരിചയമായിത്തുടങ്ങി. തോല് പൊളിച്ചാല്‍ നേന്ത്രപ്പഴത്തിന്റെ നിറവും രുചിയും പ്രകൃതവുമുള്ള പൊപ്പോലു നേന്ത്രനു തന്നെ പാരയായി മാറിക്കൊണ്ടിരിക്കുകയാണ്. മറ്റൊന്നുമല്ല, ചിപ്‌സുണ്ടാക്കാന്‍ ഈയിനം മികച്ചതാണത്രേ. യാതൊരു നിറവും നല്‍കാതെതന്നെ നല്ല popoulu-sliceമഞ്ഞനിറമുള്ള കായവറുത്തത് ഉണ്ടാക്കാമെന്നതാണ് പൊപ്പോലുവിന്റെ മെ്ച്ചം. വലിയൊരു നേന്ത്രപ്പഴം തിന്നാനുള്ള വിശപ്പില്ലാത്തപ്പോഴും ഹാഫ് സൈസായ പൊപ്പോലു തിന്നാം എന്നതിനാല്‍ കടകളില്‍ വച്ചു തന്നെ ഇരിഞ്ഞു തിന്നുന്ന ശീലമുള്ളവര്‍ക്കും പൊപ്പോലു പ്രിയങ്കരമായിക്കഴിഞ്ഞു. കര്‍ഷകരും ഹാപ്പിയാണ്- പുതിയ ഇനമായതിനാലാകും കാര്യമായ രോഗകീടബാധയൊന്നും തന്നെയില്ല എന്നാണ് ഇതുവരെയുള്ള അനുഭവം

Popoulu

RELATED STORIES

Share it
Top