പെഹ് ലുഖാന്‍ കൊല്ലപ്പെട്ട ഗോരക്ഷ ഗുണ്ടാ ആക്രമണം; ഇരകള്‍ക്കെതിരേകുറ്റപത്രം

ആല്‍വാര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ ഹരിയാനയിലെ ജയ്‌സിങ്പൂര്‍ സ്വദേശിയായ ക്ഷീരകര്‍ഷകന്‍ പെഹ്‌ലു ഖാനെ ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട്് അക്രമത്തിനിരയായവര്‍ക്കെതിരേ പോലിസ് കുറ്റപത്രം സമര്‍പിച്ചു. കൊല്ലപ്പെട്ട പെഹ്‌ലു ഖാനൊപ്പം ഹിന്ദുത്വ ഗുണ്ടകളുടെ ആക്രമണത്തിനിരയായ രണ്ടുപേരടക്കം നാലുപേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. പെഹ്‌ലു ഖാനും ഇവര്‍ നാലുപേരും പശുക്കളെ അനധികൃതമായി കടത്തുകയായിരുന്നു എന്ന് പോലിസിന്റെ കുറ്റപത്രത്തില്‍ ആരോപിക്കുന്നു.  ജനുവരി 24ന് ബെഹ്രോര്‍ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പെഹ്‌ലു ഖാന്റെ നാട്ടുകാരായ അസ്മത്, റഫീഖ്, ഇവരുടെ ട്രക്ക് ഓടിച്ചിരുന്ന അര്‍ജുന്‍ ലാല്‍ യാദവ്, ട്രക്ക് ഉടമസ്ഥനായ അദ്ദേഹത്തിന്റെ പിതാവ് ജഗ്ദീഷ് പ്രസാദ് എന്നിവര്‍ക്കെതിരേയാണ് പശുക്കടത്തിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്.2017 ഏപ്രില്‍ ഒന്നിന് ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് പെഹ്‌ലു ഖാനേയും അസ്മത്, റഫീഖ് എന്നിവരേയും ഗോ രക്ഷാ ഗുണ്ടകള്‍ ആക്രമിച്ചത്. അര്‍ജുന്‍ലാല്‍ യാദവ്, ജഗ്ദീഷ് പ്രസാദ് എന്നിവര്‍ അന്ന് ഓടിരക്ഷപ്പെട്ടിരുന്നു.  പെഹ്‌ലു ഖാന്‍ രണ്ട് ദിവസത്തിന് ശേഷം മരിച്ചു.  മര്‍ദനത്തില്‍ സുഷുമ്‌ന നാഡിക്ക് സാരമായി പരിക്കേറ്റ അസ്മത് മാസങ്ങളോളം കിടപ്പിലായിരുന്നു.പെഹ്‌ലു ഖാന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് രണ്ട് കേസെടുത്തിരുന്നു. ഒന്ന് പെഹ്‌ലു ഖാനെ കൊന്നവര്‍ക്കെതിരേയും മറ്റൊന്ന് പശുക്കടത്തിന്റെ പേരില്‍ പെഹ്‌ലു ഖാനും സുഹൃത്തുക്കള്‍ക്കെതിരെയും. കൊല ക്കേസില്‍ ഒമ്പത് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. തന്നെ ആക്രമിച്ചവരെന്ന് പെഹ്ലു ഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറ് പേര്‍ക്ക് മറ്റൊരു അന്വേഷണത്തില്‍ പോലിസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഈ ആറ് പേരും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല എന്നായിരുന്നു പോലിസിന്റെ വാദം.

RELATED STORIES

Share it
Top