പെഷാവര്‍: മരിച്ച കുട്ടികളെ പാകിസ്താന്‍ അപമാനിച്ചു- ഇന്ത്യ

ന്യൂയോര്‍ക്ക്: പാകിസ്താനിലെ പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്ന പാക് വാദത്തിന് ചുട്ടമറുപടി നല്‍കി ഇന്ത്യ. 2014ല്‍ നിരവധി കുട്ടികളുടെ മരണത്തിലേക്കു നയിച്ച പെഷാവര്‍ സൈനിക സ്‌കൂളിനു നേരെയുണ്ടാ—യ ആക്രമണത്തിന് ഇന്ത്യയുടെ പിന്തുണയുണ്ടായിരുന്നതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി യുഎന്നില്‍ ആരോപിച്ചിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാണിച്ച് യുഎന്നിലെ ഇന്ത്യന്‍ നയതന്ത്രജ്ഞയായ ഈനം ഗംഭീര്‍ രംഗത്തെത്തി.
ഇത്തരം നികൃഷ്ടമായ വാക്കുകളിലൂടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളെ പാകിസ്താന്‍ അപഹസിക്കുകയാണെന്നും ആരോപണം ഉന്നയിക്കുന്നതിലൂടെ പാകിസ്താന്റെ കാപട്യമാണ് പുറത്തുവരുന്നതെന്നും ഇന്ത്യ ആരോപിച്ചു.
പെഷാവര്‍ ആക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ ദുഃഖവും വേദനയും അറിയിച്ചിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നുവെന്നും യുഎന്നിലെ ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കി. ആക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മകള്‍ക്കു മുമ്പില്‍ രാജ്യത്തെ എല്ലാ വിദ്യാലയങ്ങളും രണ്ടു മിനിറ്റ് മൗനപ്രാര്‍ഥന നടത്തിയെന്നും ഈനം കൂട്ടിച്ചേര്‍ത്തു. അതേസമയം, പാകിസ്താന്‍ ഇംറാന്‍ ഖാന്റെ കീഴില്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഭീകരവാദത്തിനെതിരേയുള്ള നീക്കങ്ങള്‍ ശക്തമാക്കിയെന്ന പാക് വാദം ഇന്ത്യ തള്ളിക്കളഞ്ഞു.
അതേസമയം യുഎന്നില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാകിസ്താന്‍ രംഗത്തെത്തി. ആര്‍എസ്എസിനെയും ഉത്തര്‍ പ്രേദേശ് മുഖ്യമന്ത്രി യേഗി ആദിത്യനാഥിനെയും പ്രതിക്കൂട്ടിലാക്കിയായിരുന്നു പാക് പ്രതിനിധി സഅദ് വാറയ്ഷിന്റെ ആരോപണം. ഇന്ത്യയില്‍ ഇപ്പോള്‍ വിമത ശബ്ദ്ങ്ങള്‍ക്ക്് അവസരങ്ങളില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ ബുദ്ധികേന്ദ്രമായ ആര്‍എസ് എസ് ഫാസിഷം വളര്‍ത്തുകയാണ്. മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വിളനിലങ്ങളാണ് ആര്‍എസ്എസ് കേന്ദ്രങ്ങള്‍. അധികാരത്തിലൂടെ മത ആധിപത്യം നേടിയെടുക്കുക്കാനാണ് ഇവര്‍ ശ്രമിക്കുന്നകെന്ന് പാക് പ്രതിനിധി ആരോപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ഹിന്ദുമതവി തീവ്രവാദികളുടെ സര്‍വാതിപത്യമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top