പെറ്റിക്കേസ് പ്രതികള്‍ക്കൊപ്പം പാലാ സബ് ജയിലില്‍

കോട്ടയം: ഉന്നത പദവിയും രാജകീയ സൗകര്യങ്ങളും അനുഭവിച്ചുവന്ന ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി പെറ്റിക്കേസ് പ്രതികള്‍ക്കൊപ്പം പാലാ സബ് ജയിലില്‍. മൂന്നാം നമ്പര്‍ സെല്ലിലാണ് ബിഷപ്പിനെ പാര്‍പ്പിച്ചിരിക്കുന്നത്. രണ്ട് പെറ്റിക്കേസ് പ്രതികളാണ് ബിഷപ്പിനു കൂട്ടായുള്ളത്. പാലാ സബ് ജയിലില്‍ ആകെ ഏഴ് സെല്ലുകളാണുള്ളത്. ഇവിടങ്ങളിലായി ഫ്രാങ്കോ ഉള്‍െപ്പടെ 47 പ്രതികളാണ് ഇപ്പോഴുള്ളത്.
ജയിലില്‍ ബിഷപ്പിന് പ്രത്യേക പരിഗണനയോ സൗകര്യങ്ങളോ നല്‍കിയിട്ടില്ലെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. സി ക്ലാസ് സൗകര്യമായതിനാല്‍ ബിഷപ്പിന് കിടക്കാന്‍ കട്ടില്‍ ലഭിക്കില്ല. തറയില്‍ പായ വിരിച്ചു കിടക്കേണ്ടിവരും. ഒക്ടോബര്‍ 6 വരെ ബിഷപ്പിന് ഇവിടെ കഴിയേണ്ടിവരും. അതേസമയം, സ്വന്തം വസ്ത്രം ധരിക്കാന്‍ ബിഷപ്പിനെ ജയില്‍ അധികൃതര്‍ അനുവദിച്ചു. പാലാ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ബിഷപ്പിനെ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് സബ്ജയിലില്‍ പ്രവേശിപ്പിച്ചത്.
കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന കോട്ടയം പോലിസ് ക്ലബ്ബിന്റെയും പാലാ മജിസ്‌ട്രേറ്റ് കോടതിയുടെയും സബ് ജയിലിന്റെയും പരിസരങ്ങളില്‍ ബിഷപ്പിനെ കാണാന്‍ ജനം തടിച്ചുകൂടിയിരുന്നു. പ്രതിഷേധം കണക്കിലെടുത്താണ് ബിഷപ്പിന്റെ വൈദ്യ പരിശോധന കോട്ടയം പോലിസ് ക്ലബ്ബില്‍ വച്ചുതന്നെ നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
സൗമ്യനായി ചെറുപുഞ്ചിരിയോടെയാണ് റിമാന്‍ഡിലായ ശേഷവും ബിഷപ് പുറത്തേക്കു വന്നത്. എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ബിഷപ്പിന്റെ മറുപടി.

RELATED STORIES

Share it
Top