പെറുവിന് ജയത്തോടെ ലോകകപ്പില്‍ നിന്ന് മടക്കം


സോച്ചി: ഗ്രൂപ്പ് സിയില്‍ അവസാന പോരാട്ടത്തില്‍ ജയിച്ച് റഷ്യന്‍ ലോകകപ്പില്‍ നിന്ന് പെറു മടക്കടിക്കറ്റെടുത്തപ്പോള്‍ തോല്‍വിയോടെ ആസ്‌ത്രേലിയയും പുറത്തായി. സോച്ചിയില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പെറുവിന്റെ ജയം. കാറില്ലോയും ഗ്യുരേറോയുമാണ് പെറുവിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.
മല്‍സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം നിലനിര്‍ത്തിയ പെറു 18ാം മിനിറ്റില്‍ അക്കൗണ്ട് തുറന്നു. ആസ്‌ത്രേലിയന്‍ പ്രതിരോധത്തിന്റെ പിഴവിനെ മുതലെടുത്ത് ഗ്യുരേറോ നല്‍കിയ പാസിനെ മിന്നല്‍ ഷോട്ടിലൂടെ കാറിലോ വലയിലാക്കുകയായിരുന്നു. ആദ്യ പകുതി പിരിയുമ്പോഴും 1-0ന്റെ ആധിപത്യം പെറുവിനൊപ്പം നിന്നു.
രണ്ടാം പകുതിയിലും മികച്ച പോരാട്ടം തുടര്‍ന്ന പെറു 50ാം മിനിറ്റില്‍ ലീഡുയര്‍ത്തി. ക്യൂവയുടെ പാസിനെ പിടിച്ചെടുത്ത ഗ്യുരേറോ ആസ്‌ത്രേലിയയുടെ പ്രതിരോധത്തെ കീറിമുറിച്ച് ലക്ഷ്യം കാണുകയായിരുന്നു.  പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ 2-0ന്റെ ജയം പെറുവിനൊപ്പം നിന്നെങ്കിലും പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാന്‍ ടീമിന് കഴിഞ്ഞില്ല. മൂന്ന് മല്‍സരത്തില്‍ രണ്ട് മല്‍സരവും തോറ്റ പെറുവിന്റെ റഷ്യന്‍ ലോകകപ്പിലെ ആദ്യ ജയമാണിത്.

RELATED STORIES

Share it
Top