പെരുവയലില്‍ രണ്ടു ക്വിന്റല്‍ പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുത്തു

കുറ്റിക്കാട്ടൂര്‍: പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് ക്യാരിബാഗിന് നിയന്ത്രണമേര്‍പ്പെടുത്തിയതിന് ശേഷം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് രണ്ടു കിന്റലോളം ക്യാരിബാഗുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പ്ലാസ്റ്റിക് സഞ്ചികള്‍ പിടികൂടിയത്. 92 സ്ഥാപനങ്ങള്‍ക്കായി 1,05,500 രൂപ പിഴ ചുമത്തിയിട്ടുണ്ട്.
ഇതില്‍  64000 രൂപ ഇതിനകം ഓഫീസില്‍ ലഭിച്ചുകഴിഞ്ഞു. നിശ്ചിത സമയത്തിനകം പിഴ അടക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പി എസ് സിന്ധു അറിയിച്ചു. മറ്റു മാലിന്യ പ്രശ്‌നം സൃഷ്ടിച്ച സ്ഥാപനങ്ങളില്‍ നിന്നായി ഒരു ലക്ഷത്തോളം രൂപ ഒരു വര്‍ഷത്തിനിടെ ഗ്രാമപഞ്ചായത്ത് പിഴയായി ഈടാക്കിയിട്ടുണ്ട്. നിയന്ത്രണത്തിന് ശേഷം സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് സഞ്ചികള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് പ്ലാസ്റ്റിക് തിരിച്ചെത്തി തുടങ്ങിയതോടെയാണ് കടകള്‍ പരിശോധിക്കുന്നതിന് നടപടി സ്വീകരിച്ചത്. തുണിക്കടകള്‍ നിലവില്‍ പൂര്‍ണ്ണമായും തുണിസഞ്ചിയിലേക്ക് മാറിയിട്ടുണ്ട്. നിയന്ത്രണം പൂര്‍ണ്ണമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്
പഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ആഴ്ചയില്‍ ഒരു ദിവസം പരിശോധന നടക്കും. അവധി ദിവസവും രാത്രിയിലും പരിശോധന നടത്തുന്നതിന് നടപടി സ്വീകരിക്കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി സെമീറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പഞ്ചായത്ത് ജീവനക്കാരായ എം രബീഷ്, പി ഷെയ്ഫു, രഞ്ജിത് കെ, പി എം ജയന്‍, എ ഖാദര്‍, എം കെ പ്രകാശന്‍, പി ഷാജി, കെ ശിവരാജന്‍ എന്നിവര്‍ അംഗങ്ങളാണ്. ഹരിതകര്‍മ്മസേനയെ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനവും ഗ്രാമപഞ്ചായത്തില്‍ നടത്തിവരുന്നുണ്ട്. പ്ലാസ്റ്റിക് സഞ്ചി നിയന്ത്രണം ശക്തമാക്കുകവഴി ഇത്തരത്തിലുള്ള മാലിന്യങ്ങളുടെ തോത് കുറച്ചുകൊണ്ടു വരികയാണ് ലക്ഷ്യം. പിടിച്ചെടുത്ത സഞ്ചികള്‍ അപ്പോള്‍ തന്നെ ഉപയോഗയോഗ്യമല്ലാതാക്കി മാറ്റുന്നുണ്ട്. ഇവ റീ സൈക്ലിംഗ് യൂണിറ്റുകള്‍ക്ക് കൈമാറും.

RELATED STORIES

Share it
Top