പെരുവണ്ണാമൂഴി ജലവൈദ്യുത പദ്ധതി: നിര്‍മാണം അനിശ്ചിതത്വത്തില്‍

പേരാമ്പ്ര: കഴിഞ്ഞ നവംബര്‍ 28 നു മന്ത്രി എം എം മണി പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ടെന്‍ഡറില്‍ നിന്നു കരാറുകാരന്‍ പിന്മാറി. ജിഎസ്ടിയാണു വില്ലനായത്. കുറ്റിയാടി ജലസേചന പദ്ധതി റിസര്‍വോയറില്‍ നിന്നു ആറ് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിയാണിത്. ടണല്‍, സര്‍ജ്, ഇന്‍ടേക്ക് തുടങ്ങിയ സിവില്‍ വര്‍ക്കുകള്‍ കരാറെടുത്തത് എറണാകുളം സ്വദേശികളായ വന്‍കിട കരാറുകാരായിരുന്നു. 36 മാസംകൊണ്ടു നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റില്‍ ആറ് ശതമാനം കുറഞ്ഞ നിരക്കിലാണു ഇവര്‍ ആദ്യം തന്നെ കരാര്‍ സ്വീകരിച്ചത്. ഇതിനു ശേഷമാണു ജിഎസ്ടി പ്രശനമുയരുന്നത്. വകുപ്പുതലത്തിലും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചകള്‍ നടന്നെങ്കിലും പിന്‍മാറാനുള്ള തീരുമാനം പുനപ്പരിശോധിക്കാന്‍ കരാറുകാര്‍ തയ്യാറായിട്ടില്ല. ഇതോടെ  പ്രവൃത്തിക്കു റീ- ടെന്‍ഡര്‍ നടത്താനുള്ള നീക്കം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. മന്ത്രി ഉദ്ഘാടനം നടത്തിയതോടെ പവ്വര്‍ ഹൗസുനിര്‍മ്മാണവും അനുബ്ബന്ധ പ്രവൃത്തികളും നടത്താനായി സ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയായിരുന്നു. പ്രധാന പ്രവൃത്തികളുടെ കരാറുകാരന്‍ പിന്മാറിയതോടെ എല്ലാം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. റീടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കാന്‍ മാസങ്ങളെടുക്കും.

RELATED STORIES

Share it
Top