പെരുമ്പാവൂരില്‍ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് 5 മരണം

പെരുമ്പാവൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും സുഹൃത്തുക്കളെ യാത്രയാക്കാന്‍ നെടുമ്പാശ്ശേരിയിലേക്ക് പോയ സംഘം സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അഞ്ചു യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏലപ്പാറ സ്വദേശികളായ കോഴിക്കാനം മൂലയില്‍ വില്‍സന്റെ മകന്‍ വിജയ് (25), തണ്ണിക്കാനം ഫെയര്‍ഫീല്‍ഡ് എസ്റ്റേറ്റില്‍ സ്റ്റീഫന്റെ മകന്‍ ജിനീഷ് (22), സെബ് മിവാരി എസ്റ്റേറ്റില്‍ ഹരിയുടെ മകന്‍ കിരണ്‍ (19), ചെമ്മണ്ണ് സെബ്് മിവാരി എസ്റ്റേറ്റില്‍ പരേതനായ റോയിയുടെ മകന്‍ ഉണ്ണി (21), ചെമ്മണ്ണ് പുത്തന്‍ പുരയ്ക്കല്‍ യേശുദാസിന്റെ മകന്‍ ജെറിന്‍ (22) എന്നിവരാണ് മരിച്ചത്.
ജെറിന്റെ സഹോദരന്‍ ജിബിന്‍, ചെമ്മണ്ണ് കറ്റുമുടി സോമരാജന്റെ മകന്‍ സുജിത്ത് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേലാമറ്റം കാരിക്കോടിന് സമീപം ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ഇടുക്കിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പോവുകയായിരുന്ന കാറും ആന്ധ്രയില്‍ നിന്നു ശബരിമലയിലേക്ക് പോവുകയായിരുന്ന ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. വിഷ്ണു, തോമസ്, ജിബിന്‍ എന്നിവരെ മസ്‌ക്കത്തിലേക്ക് യാത്രയാക്കാന്‍ കുടുംബസമേതം സുഹൃത്തുക്കളുമൊത്ത് ഇടുക്കിയില്‍ നിന്ന് ആറ് വാഹനങ്ങളിലായാണ് സംഘം പുറപ്പെട്ടത്. ആറാമതായി പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. ഈ കാറില്‍ പരിക്കേറ്റ ജിബിന്‍ ഉള്‍പ്പെടെ ഏഴുപേരായിരുന്നു ഉണ്ടായിരുന്നത്. ജിബിനൊപ്പം മസ്‌ക്കത്തിലേക്ക് പോവാനുള്ള വിഷ്ണുവും തോമസും മറ്റു കാറുകളിലായിരുന്നു. കൊടുംവളവും ചാറ്റല്‍ മഴയും അപകടത്തിന് ആക്കംകൂട്ടി. പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അഞ്ചുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ജയയാണ് വിജയിന്റെ മാതാവ്. സഹോദരി: ബിന്‍സി. ഭാര്യ: ചിപ്പി. ഒരു വയസ്സുള്ള ആയുഷ് ഏക മകനാണ്. പരേതയായ ജിന്‍ഷ മേരിയാണ് ജിനീഷിന്റെ മാതാവ്. സഹോദരി: ജനീഷ. സുധയാണ് കിരണിന്റെ മാതാവ്. സഹോദരന്‍: അപ്പു. സഹോദരി: ഹരിത. പ്രമീളയാണ് ഉണ്ണിയുടെ മാതാവ്. സഹോദരന്‍: പ്രവീണ്‍. സരസ്വതിയാണ് ജെറിന്റെ മാതാവ്.
ബസ് ഡ്രൈവര്‍ ആന്ധ്രാ സ്വദേശി റഫീഖിനെതിരേ പോലിസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഇദ്ദേഹത്തെയും ബസും പോലിസ് കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top