പെരുമ്പാവൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപാഠി പിടിയില്‍പെരുമ്പാവുര്‍: കോളജ് വിട്ട് വീട്ടിലേക്ക് പോവുന്ന വഴിയില്‍ വാഹനവുമായി കാത്തു നിന്ന് സീനിയര്‍ വിദ്യാര്‍ഥി കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കുറുപ്പംപടി പോലിസ് പിടികൂടി. പെഴയ്ക്കാപ്പള്ളി കാവനാട് മുഹമ്മദ് മുസ്തഫ(19)ആണ് പിടിയിലായത്. പെരുമ്പാവൂരിലെ പ്രശസ്തമായ കോളജില്‍ നിന്നും ബുധനാഴ്ച വൈകീട്ട് നാലു മണിയോടെ വീട്ടിലേക്ക് കനാല്‍ സൈഡ് വഴി സൈക്കിളില്‍ പോകുന്ന പെണ്‍കുട്ടിയെ ഓംനി വാനുമായി കാത്തു നിന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ ബലമായി ചുംബിക്കുകയും അതിനെ എതിര്‍ത്തപ്പോള്‍ തന്റെ ഓംനി കാറിലേക്ക് ബലമായി പിടിച്ചു കയറ്റി കീഴ്‌പെടുത്തുവാന്‍ ശ്രമിച്ചുവെന്ന് കുറുപ്പംപടി പോലിസ് പറഞ്ഞു. ആളൊഴിഞ്ഞ സ്ഥലമായിരുന്നെങ്കിലും ബഹളം കേട്ട് തൊട്ടടുത്ത പറമ്പില്‍ കന്നുകാലിയെ തീറ്റുകയായിരുന്ന സ്ത്രീ സംഭവം കണ്ട് ഒച്ചവച്ചപ്പോള്‍ പ്രതി കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി പ്രകാരം തന്റെ കോളജിലെ ജൂനിയറായി പഠിക്കുന്ന വിദ്യാര്‍ഥിക്കെതിരെ കുറുപ്പംപടി പോലിസ് കേസെടുത്തു.  രാത്രിയോടെ കുറുപ്പംപടി എസ്‌ഐ പി എം ഷമീറിന്റെ നേതൃത്വത്തില്‍ പ്രതിയെ പേഴക്കാപ്പിളളി ഭാഗത്തു നിന്നും പിടികൂടി. സ്‌റ്റേഷനില്‍  പെണ്‍കുട്ടിയെ എത്തിച്ച് തിരിച്ചറിഞ്ഞതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി ഉപയോഗിച്ച ഓംനി കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറുപ്പംപടി മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ കോതമംഗലം കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റു ചെയ്തു. എസ്‌ഐ ഷമീറിനെ കൂടാതെ അന്വേഷണ സംഘത്തില്‍ അഡീ. എസ്‌ഐ സാലി, എഎസ്‌ഐ ജോസഫ്, സിപിഒ രാജേഷ് എന്നിവരുമുണ്ടായിരുന്നു. ഇതേ സമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

RELATED STORIES

Share it
Top