പെരുമാതുറയിലെ വാര്‍ഫ് നിര്‍മാണം: പ്രതിഷേധം ശക്തം

കഴക്കൂട്ടം: അദാനിഗ്രൂപ്പിന് വേണ്ടി മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറില്‍ പെരുമാതുറ ഭാഗത്ത് കൂറ്റന്‍ വാര്‍ഫ് നിര്‍മിക്കുന്ന നടപടിക്കെതിരേ പ്രദേശത്ത് പ്രതിഷേധം പടരുന്നു.
പെരുമാതുറ ഭാഗത്തെ 480 മീറ്റര്‍ നീളമുള്ള പുലിമുട്ടിന്റെ 70 മീറ്റര്‍ കരയിലേക്കുള്ള ഭാഗം പൊളിച്ച് മാറ്റിയും നിലവില്‍ വിനോദ സഞ്ചാരികള്‍ വിശ്രമിക്കുന്ന പെരുമാതുറ മുതലപ്പൊഴി തീരവും ഉപയോഗപ്പെടുത്തിയാണ് വാര്‍ഫ് നിര്‍മിക്കുന്നത്. വിനോദസഞ്ചാരവ കുപ്പ് മുതലപ്പൊഴിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് അനുവദിച്ച മൂന്ന് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നിടത്താണ് വാര്‍ഫ് നിര്‍മിക്കുന്നത്. ഇത് കാരണം നടന്നുവന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതും ജനങ്ങളില്‍ ആശങ്കക്കും പ്രതിഷേധത്തിനും ഇടവരുത്തിയിട്ടുണ്ട്. ഹാര്‍ബര്‍ കവാടത്തില്‍ മണലടിഞ്ഞ് കൂടുന്ന പ്രതിഭാസം നിര്‍മാണം തുടങ്ങിയ കാലം മുതലേയുള്ളതാണ്.
ഇതുകാരണം അപകടങ്ങളും അപകട മരണങ്ങളും നിരവധി നടന്നിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ജനം വിവിധ സമരങ്ങളും നടത്തിയിട്ടുണ്ട്. തുടര്‍ന്ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത പ്രശ്‌ന പരിഹാര ചര്‍ച്ചകളിലും ജനങ്ങള്‍ ഒറ്റക്കെട്ടായാണ് പങ്കെടുത്തത്. എന്നാല്‍ പെരുമാതുറ ഭാഗത്തെ കുഴിച്ച് കൂറ്റന്‍ വാര്‍ഫ്്് നിര്‍മിച്ച്്് കപ്പലുകള്‍ക്കും മറ്റും വന്നു പോവാനായി അദാനിയുമായി കരാറുണ്ടാക്കിയത് ഇവിടുത്തെ ജനപ്രതിനിധികള്‍ പോലും അറിയാതെയെന്നാണ് ആക്ഷേപം. നിലവില്‍ പെരുമാതുറ ഭാഗത്ത് വിശാലമായ കരയാണുള്ളത്.
ദിവസവും തീരത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളടങ്ങുന്ന വിവിധ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചത്. പൊതു അവധി ദിവസങ്ങളില്‍ ആയിരകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം വരെ തീരത്ത് ഏര്‍പ്പെടുത്തുന്ന നിര്‍മാണങ്ങളാണ് തുടങ്ങിവച്ചത്. എന്നാല്‍ ഇതിനെയെല്ലാം ഒരറിയിപ്പും കൂടാതെ നിര്‍ത്തിവച്ച് അധാനിക്ക് വേണ്ടി ജെട്ടി നിര്‍മിക്കുന്നതിന്റെ രീതിയെയും ജനം ചോദ്യം ചെയ്യുന്നു. ഹാര്‍ബര്‍ നിര്‍മാണം തുടങ്ങിയത് മുതല്‍ താഴംപള്ളി ഭാഗത്തെ കര പൂര്‍ണമായും കടലെടുത്തിരുന്നു.

RELATED STORIES

Share it
Top