പെരുന്നാള്‍ വിപണിയിലും മാന്ദ്യം: ഓട്ടോ, ടാക്‌സി, ബസ്സുകളില്‍ യാത്രക്കാര്‍ കുറയുന്നു

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയാക്കാന്‍ വിശ്വാസികള്‍ അങ്ങാടിയിലേക്കിറങ്ങേണ്ടുന്ന നാളുകളിലും കോഴിക്കോട് നഗരത്തില്‍ ജനപ്രവാഹമില്ല. നിപാ വൈറസ് രണ്ടാംഘട്ടത്തിലെത്തിയ വാര്‍ത്ത കൂടി പുറത്തുവന്നതോടെ ജനം വീട് വിട്ട് പുറത്തിറങ്ങാത്ത അവസ്ഥയാണ്.
അതുകൊണ്ട് തന്നെ സിറ്റി ബസ്സുകളിലും ഓട്ടോ-ടാക്‌സികളിലും യാത്രക്കാരില്ലാത്ത അവസ്ഥ. കോഴിക്കോട് സിറ്റിയില്‍ മാത്രം സിസി പെര്‍മിറ്റുള്ള 4334 ഓട്ടോകളാണ് സര്‍വീസ് നടത്തുന്നത്. ഇതിനു പുറമെ സിസിയില്ലാത്ത വണ്ടികള്‍ വേറെയുമുണ്ട്. ഏറ്റവും കൂടുതല്‍ ഓട്ടം കിട്ടേണ്ട ഈ നാളുകള്‍ വറുതിയുടെ നാളായി മാറിയെന്ന് ഓട്ടോറിക്ഷാ ജീവനക്കാര്‍ പറയുന്നു. നിപാ വൈറസ് ഭീഷണി ഉയര്‍ന്ന ശേഷം നഗരത്തിലേക്ക് ജനം എത്താത്ത അവസ്ഥയാണ്. ഉല്‍ സവ സീസണില്‍ ദിവസേന 1500 രൂപയില്‍ താഴെ വരുമാനം വരേണ്ടിടത്ത് 200 രൂപ പോലും കിട്ടുന്നില്ലെന്നാണ് ഓട്ടോഡ്രൈവര്‍മാരുടെ നേതാവുകൂടിയായ റസാഖ് പറഞ്ഞത്.
സ്വന്തമായി ഓട്ടോറിക്ഷ ഇല്ലാത്തവര്‍ വാടകയ്ക്കാണ് ഓട്ടോ എടുക്കുന്നത്. ദിവസേന ഓട്ടോവിന് 350 രൂപ മുതല്‍ 450 രൂപ വരെ ഉടമസ്ഥന് നല്‍കണം. ഈ തുക ഒപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ദിനംപ്രതി ഡീസല്‍-പെട്രോള്‍ വില വര്‍ധിച്ചതും ഓട്ടോ ജീവനക്കാരുടെ അവസ്ഥ മോശമാക്കിയിട്ടുണ്ട്. പെരുന്നാള്‍ അടുത്തതും സ്‌കൂളുകള്‍ തുറക്കുന്നതും എല്ലാമായി വലിയ പണം ആവശ്യമുള്ള സമയം കൂടിയാണിത്. ഇതിനെ എങ്ങിനെ മറികടക്കാനാവുമെന്നറിയാത്ത അവസ്ഥയാണെന്ന് മാങ്കാവിലെ ഓട്ടോ ഡ്രൈവര്‍ ബാബു പരാതിപ്പെടുന്നു.
പുതിയസ്റ്റാന്റ്, പാളയം, കല്ലായ് റോഡ്, നടക്കാവ്, മാങ്കാവ്, മാവൂര്‍ റോഡ്, മാനാഞ്ചിറ, തുടങ്ങി ഓട്ടോബേകളില്‍ രാവിലെ മുതല്‍ വൈകും വരെയും ഓട്ടോ നിര്‍ത്തിയിടേണ്ടിവരുന്ന ഗതികേടിലാണ്. മെഡിക്കല്‍ കോളജ്, ബീച്ചാശുപത്രി, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലേക്കുള്ള ഓട്ടം പകുതിയിലും കുറഞ്ഞു. ബസ്സുകളില്‍ നഗരപ്രാന്ത പ്രദേശങ്ങളില്‍ നിന്ന് നഗരത്തിലേക്ക് യാത്രക്കാര്‍ ഇല്ലെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. ഇതുപോലുള്ള അവസ്ഥ നഗരത്തില്‍ ഇതാദ്യമാണ്. പാളയത്തിലെ തെരുവ് കച്ചവടക്കാരില്‍ ഏറെപേരും ചരക്ക് എടുക്കാതെ നില്‍ക്കുകയാണ്.
പഴം പച്ചക്കറി വില്‍പനയിലെ മാന്ദ്യം അതേ അവസ്ഥയില്‍ തുടരുന്നു. ഷോപ്പിങിനായി മിഠായ്‌ത്തെരുവിലെത്തുന്നവരും വിരളം. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ വന്നിറങ്ങുന്ന കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ പോലും ആളനക്കമില്ലാത്ത അവസ്ഥയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ജനം നിരത്തിലിറങ്ങുന്നത്. ജീവനക്കാരന്‍ മരിച്ചതോടെ കോടതി പ്രവര്‍ത്തനങ്ങള്‍ക്ക്് നിയന്ത്രണം തുടരുകയാണ്. മിക്ക ഹോട്ടലുകളും സിനിമാ തിയേറ്ററുകളും ആളുകള്‍ കുറഞ്ഞതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ആതുരാലായങ്ങളും കാലിയാകുന്ന അവസ്ഥ. എങ്ങും മാസ്‌ക് ധാരികള്‍.

RELATED STORIES

Share it
Top