പെരുകുന്ന വാഹനാപകടങ്ങള്‍

സുബൈര്‍ കുന്ദമംഗലം
കേരളത്തിലെ നിരത്തുകള്‍ക്ക് ചോരയുടെ ഗന്ധമുണ്ട്. അനുദിനം നടുറോഡില്‍ പൊലിഞ്ഞുതീരുന്ന ജീവിതങ്ങള്‍ നിരവധിയാണ്. ഇതിലധികവും കൗമാരക്കാരാണ്. വാഹനാപകടങ്ങളും കൂട്ടമരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെടാതെ ഒരു ദിവസവും കടന്നുപോവുന്നില്ല. ചോരക്കറ പുരണ്ട പാതയോരങ്ങള്‍! റോഡിന്റെ നിശ്ചിത പരിധി വീതികൂട്ടണമെന്ന വാദവുമായി തര്‍ക്കവിതര്‍ക്കങ്ങളിലും അന്തിച്ചര്‍ച്ചയിലും വാശിയോടെ ഏര്‍പ്പെടുന്ന മലയാളി, പെരുകുന്ന വാഹനാപകടങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ദീര്‍ഘ മൗനത്തിലാണ്.
രാജ്യത്തെ റോഡപകടങ്ങളുടെ കാര്യത്തില്‍ കേരളത്തിന് രണ്ടാംസ്ഥാനമാണുള്ളത്. സമീപഭാവിയില്‍ അത് ഒന്നാംസ്ഥാനമായി മാറും. ജനസംഖ്യയില്‍ 3.1 ശതമാനം മാത്രമുള്ള കേരളത്തിലാണ് റോഡപകടങ്ങളുടെ 12 ശതമാനവും അരങ്ങേറുന്നത്. യുദ്ധങ്ങളിലോ വര്‍ഗീയകലാപങ്ങളിലോ കൊല്ലപ്പെടുന്നതിനേക്കാള്‍ ആള്‍നാശം സംഭവിക്കുന്നത് വാഹനാപകടങ്ങളിലാണ്. ഭീതിജനകമായ ഈ സാഹചര്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട സര്‍ക്കാരോ പൊതുസമൂഹമോ ബോധവാന്മാരല്ല.
പേടിപ്പെടുത്തുന്ന സൈറന്‍ മുഴക്കി ആശുപത്രികളിലേക്കു കുതിക്കുന്ന ആംബുലന്‍സുകള്‍ സംസ്ഥാനത്തുടനീളം തലങ്ങും വിലങ്ങും ഓടുന്നത് നിത്യകാഴ്ചയാണ്. ഇതില്‍ 98 ശതമാനവും വാഹനാപകടങ്ങളില്‍ പരിക്കേറ്റവരോ ചതഞ്ഞരഞ്ഞവരോ ആണ്. അവരുടെ ബന്ധുക്കളുടെ ആര്‍ത്തനാദംകൊണ്ട് മുഖരിതമാണ് ആശുപത്രിവരാന്തകളും അത്യാഹിതവിഭാഗവും. മരണം സംഭവിച്ച സ്ഥലങ്ങള്‍ പോലിസ് പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടും മുന്നറിയിപ്പു നല്‍കിയിട്ടും അപകടമരണങ്ങള്‍ക്ക് ഒരു കുറവുമില്ല. റോഡപകടങ്ങളില്‍ ദാരുണ മരണം ഏറ്റുവാങ്ങുന്നവരും മൃതസമാനം ജീവിക്കുന്നവരും മിക്കവാറും കൗമാരക്കാരാണ്. ജീവിതവസന്തത്തിലേക്കു കടന്നിട്ടില്ലാത്ത ഇവര്‍ കുടുംബത്തിനും സമൂഹത്തിനും ഒരു ചോദ്യചിഹ്നമായി മരണക്കിടക്കയില്‍ ജീവിച്ചുതീര്‍ക്കുന്നു. ചെറുപ്പം തൊട്ടേ രോഗശയ്യയില്‍ അഭയംപ്രാപിക്കേണ്ടിവരുന്ന ഈ ജീവിതങ്ങള്‍ ആരോഗ്യകരമായ കുടുംബം, സമൂഹം, രാജ്യം എന്ന സങ്കല്‍പത്തെ തകിടം മറിക്കുന്നു. അവിവേകവും അപക്വതയും എത്രയെത്ര സ്വപ്‌നങ്ങളെയാണ് നിമിഷനേരംകൊണ്ട് കരിച്ചുകളയുന്നത്.
വാഹനാപകടങ്ങളില്‍ 70 ശതമാനവും ഇരുചക്രവാഹനങ്ങള്‍ മൂലമുണ്ടാവുന്നതാണ്. നടന്നും സൈക്കിള്‍ ചവിട്ടിയും കലാലയങ്ങളിലെത്തിയിരുന്ന വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ഇന്ന് ബൈക്കിലും സ്‌കൂട്ടറിലും പറന്നാണ് പഠനത്തിനെത്തുന്നത്. ഇരുചക്രവാഹനങ്ങളില്‍ മൂന്നും നാലും കുട്ടികള്‍ മറ്റു വാഹനങ്ങളുമായി മല്‍സരിച്ചു നടത്തുന്ന മരണപ്പാച്ചില്‍ പേടിപ്പെടുത്തും. രണ്ടുപേര്‍ക്ക് കയറാവുന്ന ബൈക്കിലും സ്‌കൂട്ടറിലും നാലും അഞ്ചും പേരടങ്ങുന്ന കുടുംബാംഗങ്ങള്‍ ഒന്നിച്ചു യാത്ര ചെയ്യുന്നതും നിത്യകാഴ്ചയാണ്. കുടുംബത്തിലെ ഓരോ അംഗത്തിനും ഒരു വാഹനമെന്ന നിലപാട് അനിയന്ത്രിതമായ വാഹനപ്പെരുപ്പത്തിനു കാരണമായിട്ടുണ്ട്. വമ്പിച്ച ഗതാഗതക്കുരുക്കിനും തിരക്കിനും ഇതു കാരണമായിത്തീരുന്നു. വാഹനപ്പെരുപ്പം സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണവും അപകടസാധ്യതയും വളരെ വലുതാണ്.
അമിതവേഗം, അലക്ഷ്യമായ ഡ്രൈവിങ്, മദ്യപാനം, ലഹരി, ദീര്‍ഘദൂര ഡ്രൈവിങ് എന്നിവ അപകടം ക്ഷണിച്ചുവരുത്തും. ബസ്സുകളുടെ മല്‍സരിച്ചുള്ള മരണപ്പാച്ചില്‍ നിത്യസംഭവമാണ്. അതുവഴി സംഭവിക്കുന്ന അത്യാഹിതങ്ങളും മരണങ്ങളും നിത്യകാഴ്ചയാണ്. ചെറിയ വാഹനങ്ങളെ ഒട്ടും പരിഗണിക്കാതെയാണ് വലിയ വണ്ടികളുടെ കുതിച്ചോട്ടം.  ഭരണാധികാരികള്‍ ഈ തീക്കളി കണ്ടില്ലെന്നു നടിക്കുന്നു. സൈ്വരജീവിതം തകര്‍ത്തുകൊണ്ടുള്ള റോഡ് വികസനത്തിലാണ് അവര്‍ക്ക് താല്‍പര്യം. ദിവസങ്ങളോളം ഉറക്കമൊഴിച്ചുള്ള ദീര്‍ഘദൂര ഡ്രൈവിങും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഒരു ഡ്രൈവര്‍ക്ക് തുടര്‍ച്ചയായി എത്ര മണിക്കൂര്‍ വാഹനമോടിക്കാം എന്നതു സംബന്ധിച്ച് വ്യക്തമായ നിയമം നിലവിലുണ്ടോയെന്നു സംശയമാണ്. ഉണ്ടെങ്കില്‍ തന്നെ, അതു പാലിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കപ്പെടുന്നില്ല. റോഡപകടങ്ങളില്‍ 40 ശതമാനവും ഡ്രൈവര്‍മാരുടെ മദ്യപാനം മൂലമാണെന്നു കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നതു വഴി ദിനേന ഇന്ത്യന്‍ തെരുവുകളില്‍ മരിച്ചുവീഴുന്നവരുടെ എണ്ണം 270 ആണ്. ലഹരി ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ കാരണമായി ദിനംപ്രതി 5,000 പേര്‍ക്കു പരിക്കുപറ്റുന്നു. മദ്യലഹരി അമിത വേഗത്തിനും അശ്രദ്ധയ്ക്കും തുടര്‍ന്നുള്ള അപകടത്തിനും നിമിത്തമായി മാറുകയും ചെയ്യുന്നു.
റോഡുകളുടെ ശോച്യാവസ്ഥയാണ് മറ്റൊരു കാരണം. കുണ്ടും കുഴിയും നിറഞ്ഞ അറ്റകുറ്റപ്പണി നടത്താത്ത റോഡുകള്‍, പാലങ്ങള്‍, വീതിയും വിസ്താരവും കുറഞ്ഞ ഇടുങ്ങിയ റോഡുകള്‍ എന്നിവ അപകടം ക്ഷണിച്ചുവരുത്തും. വികസിത രാജ്യങ്ങളിലും ഗള്‍ഫ് നാടുകളിലും കാണുന്നതുപോലുള്ള റോഡ് സംസ്‌കാരം മലയാളികള്‍ പരിശീലിക്കേണ്ടിയിരിക്കുന്നു. ഓവര്‍ടേക്ക്, പാര്‍ക്കിങ്, മറ്റു വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കല്‍ പോലുള്ള കാര്യങ്ങളില്‍ മാന്യതയും ഉദാരതയും നിറഞ്ഞ സമീപനം നമ്മുടെ ഡ്രൈവര്‍മാരില്‍നിന്നുണ്ടാവണം. എതിരേ വരുന്ന വാഹനത്തില്‍ നിന്നോ ഡ്രൈവറില്‍ നിന്നോ അരോചകമോ അസ്വീകാര്യമോ ആയ പ്രതികരണമോ പെരുമാറ്റമോ ഉണ്ടാവുകയാണെങ്കില്‍ ക്ഷമിക്കാനും പൊറുക്കാനും സാധിക്കണം. അത്തരം സന്ദര്‍ഭങ്ങളില്‍ യുദ്ധമുഖത്തുള്ള ശത്രുവോടെന്നപോലെ പെരുമാറരുത്. അപകടം വരുത്തിവച്ച ഡ്രൈവറെ തെരുവില്‍ കായികമായി നേരിടുന്നതും ജീവഹാനി വരുത്തുന്നതും കര്‍ശനമായി തടയണം.                            ി

RELATED STORIES

Share it
Top