പെരുകുന്ന നിരീക്ഷണ വലയങ്ങള്‍

സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ കഴിഞ്ഞ ദിവസം സുപ്രിംകോടതി നടത്തിയ വിമര്‍ശനം രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്.
വ്യക്തികളുടെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തുതുടങ്ങിയാല്‍ ഇന്ത്യ 'ഭരണകൂട നിരീക്ഷണ'മുള്ള രാജ്യമായി മാറുമെന്ന് സുപ്രിംകോടതി നിരീക്ഷിക്കുന്നു. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി 'സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ ഹബ്ബു'കള്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഇപ്രകാരം പറഞ്ഞത്.
സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതിനു ജില്ലകള്‍ തോറും നിരീക്ഷണ സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നീക്കത്തിനു തടയിടണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മഹുവ മോയിത്രയാണ് സുപ്രിംകോടതിയെ സമീപിച്ചത്. വ്യക്തികളുടെ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും പൂര്‍ണമായി ഹനിക്കുന്നതാണ് ഈ നീക്കമെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
നാലു വര്‍ഷത്തെ തങ്ങളുടെ ഭരണപരാജയം ജനങ്ങളില്‍ നിന്നു മറച്ചുപിടിക്കാനും രാജ്യത്തു തങ്ങള്‍ക്കെതിരേ അനുദിനം ശക്തിപ്പെട്ടുവരുന്ന ജനവികാരത്തെ തമസ്‌കരിക്കാനും ഉദ്ദേശിച്ചാണ് ബിജെപി ഗവണ്മെന്റ് സാമൂഹിക മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നതെന്നത് വ്യക്തമാണ്. രാജ്യത്തെ വന്‍കിട മാധ്യമങ്ങളെ മുഴുവന്‍ വിലയ്‌ക്കെടുത്തു നടത്തുന്ന ഭരണകൂട പ്രകീര്‍ത്തനങ്ങള്‍ ഫലം കാണാതെപോകുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന്, ആരുടെയും പ്രലോഭനങ്ങള്‍ക്കു വിധേയപ്പെടാതെ സാമൂഹിക മാധ്യമങ്ങളിലൂടെ യഥേഷ്ടം കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളും ജനാഭിപ്രായങ്ങളുമാണെന്ന് ഭരണകൂടം തിരിച്ചറിയുന്നുണ്ട്. തങ്ങള്‍ക്കെതിരായ ജനവികാരങ്ങളുടെ ഈ കുത്തൊഴുക്ക് തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വിഘാതമായി മാറുകയാണെന്ന ചിന്തയാണ് സാമൂഹിക മാധ്യമങ്ങള്‍ക്കെതിരേ തിരിയാന്‍ കേന്ദ്രഭരണകൂടത്തെ പ്രേരിപ്പിക്കുന്നത്.
ബിജെപിയുടേതുപോലെ സമഗ്രാധിപത്യ മോഹങ്ങള്‍ ഉള്ളില്‍ താലോലിക്കുന്ന എല്ലാ ജനവിരുദ്ധ ഭരണകൂടങ്ങളും സഞ്ചരിക്കുന്ന വഴികള്‍ ഏറക്കുറേ സമാനമായിരിക്കും. ജനങ്ങളില്‍ നിന്ന് അകലുന്നതിനനുസരിച്ച് ജനങ്ങളെ അവര്‍ ഭയന്നുതുടങ്ങും. ജനങ്ങളാണ് പ്രശ്‌നമെന്നും അവര്‍ക്ക് തോന്നിത്തുടങ്ങും. രാജ്യമെന്നാല്‍ ഭരണകൂടമാണെന്നും അവര്‍ വാദിച്ചുതുടങ്ങും. ഭരണകൂടത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മേല്‍ രാജ്യസ്‌നേഹത്തിന്റെയും രാജ്യസുരക്ഷയുടെയും മേലങ്കി അണിയിക്കാനും അവര്‍ ബദ്ധശ്രദ്ധരായിരിക്കും.
ജനാധിപത്യമെന്നത് ജനാഭിലാഷങ്ങളെ വിലമതിക്കാനുള്ള സാംസ്‌കാരിക സിദ്ധി കൂടിയാണ്. അതില്ലാത്തവര്‍ക്ക് ജനാധിപത്യം അധികാരം എത്തിപ്പിടിക്കാനുള്ള ഏണിപ്പടി മാത്രമാണ്. അധികാരം കൈപ്പിടിയില്‍ ഒതുങ്ങിയാല്‍ അവര്‍ ആദ്യം തകര്‍ത്തുകളയാന്‍ ശ്രമിക്കുന്നതും ആ ഏണിപ്പടികളെയാകും.

RELATED STORIES

Share it
Top