പെരുംതട്ടിപ്പുകളുടെ നാലു വര്‍ഷം

മൗഷുമി റോയി
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പു കേസില്‍ അകപ്പെട്ടിരിക്കുന്നത് രാജ്യത്തെ വജ്രവ്യാപാര മേഖലയിലെ നാല് ഉന്നതരാണ്. ഗീതാഞ്ജലി ജെംസ് (മെഹുല്‍ ചോക്‌സി), ജിന്നി (ചോക്‌സിയുടെ അനുബന്ധ കമ്പനി), നക്ഷത്ര ജ്വല്ലേഴ്‌സ് (ചോക്‌സിയുടെ അനുബന്ധ കമ്പനി), നീരവ് മോദി, ഭാര്യ, സഹോദരന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫയര്‍ സ്റ്റാര്‍ ഡയമണ്ട് എന്നിവര്‍ ഏതാണ്ട് 11,300 കോടി രൂപയാണ് പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു കവര്‍ന്നത്. അധികൃതര്‍ പരാതി നല്‍കുന്നതിനു വളരെ മുമ്പേ രാജ്യത്തു നിന്ന് അവര്‍ ഒളിച്ചോടി.
ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയില്‍ നിന്നു വ്യാജ ധാരണാപത്രങ്ങള്‍ (എല്‍ഒയു) ഉപയോഗിച്ച് 1800 കോടി ഡോളറാണ് ഇവര്‍ തട്ടിയെടുത്തത്. ഫയര്‍ സ്റ്റാര്‍ ഡയമണ്ട് ഉടമ നീരവ് മോദി വജ്ര ഇറക്കുമതിയില്‍ ഇറക്കുമതിത്തീരുവ വെട്ടിക്കാനായി റൗണ്ട് ട്രിപ്പിങ് അഥവാ കണക്കില്‍ വരുമാനം കൂട്ടുന്നതിനുള്ള കേവല ഇടപാടുകള്‍ നടത്തുന്നതായി നേരത്തേ ആരോപണമുണ്ടായിരുന്നു. അന്ന് നീരവ് മോദി യഥാര്‍ഥത്തില്‍ സര്‍ക്കാരിനെ വെട്ടിച്ചത് 900 കോടിയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ ഓഫിസ് റെയ്ഡ് ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചുമത്തിയ പിഴ കേവലം 48 കോടി രൂപ.
ഒരു തട്ടിപ്പില്‍ കുറ്റാരോപിതനായിരിക്കെ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യുന്നതിനുള്ള ധൈര്യം നീരവ് മോദിക്കുണ്ടായി. ഗുജറാത്തില്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഗുണഭോക്താവായ മെഹുല്‍ ചോക്‌സിയെ തന്റെ വസതിയിലേക്കു ക്ഷണിച്ച് മോദി ആദരിച്ചു. എല്ലാം കഴിഞ്ഞ് നീരവ് മോദിയെ താന്‍ കവര്‍ന്ന പണവുമായി രാജ്യം വിടാന്‍ അധികൃതര്‍ അനുവദിച്ചിരിക്കുന്നു. റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, ഇഡി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവരും ചുമതലയുള്ളവരുമായ ആരും അവര്‍ ഒളിച്ചോടുന്നത് തടയാന്‍ എവിടെയുമില്ല.
അലഹബാദ് ബാങ്കിന്റെ ഒരു ഡയറക്ടര്‍ അടക്കം ചിലരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ യഥാസമയം നടപടി സ്വീകരിക്കാതിരുന്നത്? എല്ലാ ബാങ്കുകളിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കര്‍ശനമായ ധനകാര്യ ഓഡിറ്റ് നടത്തുന്നുവെന്നാണ് വയ്പ്. എങ്കില്‍ നീരവ് മോദി ചെയ്തതുപോലുള്ള വന്‍ തുകയുടെ തട്ടിപ്പ് ഏതാണ്ട് ഒരു ദശകത്തോളം മറച്ചുവയ്ക്കാന്‍ എങ്ങനെ സാധ്യമാവും? വാര്‍ത്തകളിലൂടെ പുകമറ സൃഷ്ടിച്ച് തട്ടിപ്പിനെ വൈകാരികമാക്കി മാധ്യമങ്ങള്‍ മോദി സര്‍ക്കാരിന് ആശ്വാസ ഇടവേള നല്‍കാനായി ശ്രമിക്കുന്നതിനിടയിലും നിരവധി ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
ഒന്നിനു പിറകെ മറ്റൊന്നായി തട്ടിപ്പുകള്‍ എന്തുകൊണ്ടാണ് സംഭവിച്ചതെന്നും അത് എങ്ങനെ തടയാനാവുമെന്നും അധികാരികളില്‍ ആര്‍ക്കുമറിയില്ല. ഒരു പഠനവും ഒരു വിശകലനവുമില്ല. അദൃശ്യമായ വ്യവസ്ഥയെ ഒഴിച്ച് മറ്റൊന്നിനെയും ആര്‍ക്കും കുറ്റപ്പെടുത്താനുമില്ല. അതല്ല, ഈ കുംഭകോണങ്ങളെല്ലാം തട്ടിപ്പുകളും തട്ടിപ്പുകാരെയും പിഴുതെറിയുമെന്ന് വാഗ്ദാനം ചെയ്യുന്ന വ്യവസ്ഥയുടെ ഭാഗം തന്നെയായി മുന്‍കൂട്ടി ആസൂത്രണം ചെയ്തവയാണോ?
ലോകത്തെ ഏറ്റവും വലിയ വ്യാജ ജനാധിപത്യങ്ങളില്‍പ്പെട്ട ഒന്നില്‍ നടക്കുന്ന ദുഃഖകരമായ അസമത്വത്തിന്റെയും തട്ടിപ്പിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും അവസ്ഥയാണിത്. ദശലക്ഷക്കണക്കിന് ആളുകള്‍ ഭക്ഷണവും ശൗചാലയവുമില്ലാതെ, ആരോഗ്യരക്ഷാ സൗകര്യങ്ങളില്ലാതെ, വൈദ്യുതി, വെള്ളം തുടങ്ങിയവയില്ലാതെ കഷ്ടപ്പെടുമ്പോള്‍, ലക്ഷക്കണക്കിന് ആളുകള്‍ ഇന്ത്യയില്‍ ഉടനീളമുള്ള ചവറ്റുവീപ്പകളില്‍ നിന്നു സ്വന്തം അന്നം തേടുമ്പോള്‍, കേവലം നൂറു ശതകോടീശ്വരന്മാരും അവരുടെ പാവകളായ രാഷ്ട്രീയക്കാരും ദിനേനയെന്നോണം രാജ്യത്തെ കൊള്ളയടിക്കുന്നു. അതേസമയം, സര്‍ക്കാരിന്റെ ഇഷ്ടക്കാരായ ചില കോടീശ്വരന്മാര്‍ക്കു ദശലക്ഷക്കണക്കിനു ഡോളര്‍ വിലയുള്ള വീട് വാങ്ങുന്നതിനും, അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കും പ്രസിദ്ധര്‍ക്കുമായി വന്‍ സായാഹ്ന പാര്‍ട്ടികള്‍ ഒരുക്കുന്നതിനും കോടികള്‍ ചെലവഴിക്കുന്നു.
ഇപ്പോള്‍ ലണ്ടനില്‍ ആഡംബര ജീവിതം നയിക്കുന്ന വിജയ് മല്യയെപ്പോലെ (തന്റെ ജീവിതശൈലീ ചെലവുകള്‍ക്കായി ഓരോ ആഴ്ചയും 18 ലക്ഷം ബാങ്കില്‍ നിന്നു പിന്‍വലിക്കുന്നതിന് ഈയിടെ ഒരു ബ്രിട്ടിഷ് കോടതി അദ്ദേഹത്തിന് അനുമതി നല്‍കി) മനോഹരമായ സ്വിസ് ഉല്ലാസകേന്ദ്രത്തില്‍ എവിടെയോ ഭൂമിയില്‍ ലഭ്യമായ മികച്ച വീഞ്ഞും ആസ്വദിച്ച് നീരവ് മോദി ഇരിക്കുന്നുണ്ടാവും. അതേസമയം നഷ്ടം നേരിട്ടവര്‍- നികുതിദായകരും ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ തങ്ങളുടെ പണം നിക്ഷേപിച്ച നിക്ഷേപകരും- കോര്‍പറേറ്റ് മീഡിയ വിറ്റഴിക്കുന്ന വാര്‍ത്താകഥകളുടെ ലഹള ആസ്വദിക്കുകയാണ്. അവര്‍ ഓരോ ദിവസവും രാഷ്ട്രീയക്കാരനും ബിസിനസ്സുകാരനും ബാങ്കറുമടങ്ങിയ ചങ്ങാത്ത മുതലാളിത്ത ശൃംഖല മുഖേന കൊള്ളയടിക്കപ്പെടുന്നു.
നീരവ് മോദി, വിജയ് മല്യ പോലുള്ളവര്‍ കാരണമുണ്ടായ നഷ്ടം നികത്തുന്നതിനു ജനങ്ങള്‍ കഠിനാധ്വാനം ചെയ്തു സമ്പാദിച്ചതും ഉത്തമബോധ്യത്തോടെ നിക്ഷേപിച്ചതുമായ പണം ഉപഭോക്താക്കളുടെ അനുമതി കൂടാതെ ദീര്‍ഘകാല നിക്ഷേപങ്ങളാക്കി മാറ്റി ഉപയോഗിക്കുന്നതിനു ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്ന എഫ്ആര്‍ഡിഐ ബില്ല് കൊണ്ടുവരുന്നതിനാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇന്ത്യയിലെ ഏതൊരു ബാങ്കും നല്‍കുന്ന എല്‍ഒയുകളെക്കുറിച്ച് മൂന്നു മാസത്തിലൊരിക്കല്‍ റിസര്‍വ് ബാങ്കിനു വിവരം നല്‍കിയിരിക്കണം. പിഎന്‍ബി കോര്‍ ബാങ്കിങ് സിസ്റ്റം അഥവാ സിബിഎസില്‍ വിവരം അറിയിക്കാതെ 2011ല്‍ തന്നെ ആദ്യ എല്‍ഒയു നല്‍കിയിരുന്നു. ഭീമമായ തുകയായിരുന്നിട്ടും പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ഉന്നത മാനേജ്‌മെന്റും ആര്‍ബിഐയും അത് അവഗണിച്ചു. സിബിഎസ് മുഖേനയല്ലാത്ത ഈ വ്യാജ പത്രങ്ങളെക്കുറിച്ച ഒരു രേഖയും ബാങ്കിന്റെ കണക്കു പുസ്തകങ്ങളില്‍ ഇല്ലായിരുന്നു. എന്നിട്ടും മറ്റ് ബാങ്കുകള്‍ അവ അംഗീകരിച്ചത് എന്തുകൊണ്ടാണ്?
ഒരു റഫറന്‍സ് നമ്പര്‍ പോലുമില്ലാതെ, ആധികാരിക ഒപ്പില്ലാതെയാണോ ഈ ധാരണാപത്രങ്ങള്‍ നല്‍കിയത്? വെറും കടലാസില്‍ കൈയെഴുത്താണോ രേഖ? വിദേശത്തെ മറ്റു ബാങ്കുകളില്‍ ഈ പത്രങ്ങള്‍ നല്‍കി പണം തട്ടിയപ്പോള്‍ പണം നല്‍കിയ ബാങ്കുകള്‍ തങ്ങള്‍ നല്‍കിയ തുക പിഎന്‍ബിയില്‍ നിന്ന് ആവശ്യപ്പെട്ടില്ലേ? ഒരു ബാങ്ക് മറ്റൊരു ബാങ്കിന് എല്‍ഒയു നല്‍കുന്നുവെങ്കില്‍, കിട്ടുന്ന ബാങ്ക് അത് സ്ഥിരീകരിച്ചു നല്‍കുന്ന സന്ദേശം റീജ്യനല്‍ ഓഫിസിനും സോണല്‍ ഓഫിസിനുമൊപ്പം അതത് ബാങ്കിന്റെ കണ്‍ട്രോളിങ് ഓഫിസിലേക്കും അയക്കാറുണ്ട്. യൂനിയന്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ പിഎന്‍ബിക്ക് തങ്ങളുടെ സ്ഥിരീകരണ സന്ദേശം അയച്ചിരുന്നുവോ? അയച്ചിരുന്നുവെങ്കില്‍ എന്തുകൊണ്ട് പിഎന്‍ബി കണ്‍ട്രോള്‍ ഓഫിസിലെ ഒരാള്‍ പോലും അതിനെക്കുറിച്ച് ആപത്‌സൂചന നല്‍കിയില്ല?
പിഎന്‍ബിക്കു പുറമേ നീരവ് മോദി കുംഭകോണവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട മറ്റൊരു സ്ഥാപനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ബിജെപിയുടെ അണിയറയിലെ ഉന്നതനും ഹിന്ദുത്വ തീപ്പൊരി പ്രഭാഷകനുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യാനുസാരം റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ നിയമിതനായ ശേഷം അഴിമതി നിറഞ്ഞ വായ്പാ നടപടികളെക്കുറിച്ച് റിസര്‍വ് ബാങ്ക് പ്രകടമായ നിശ്ശബ്ദത പാലിക്കുകയാണ്.
നരേന്ദ്ര മോദിയുടെ എണ്ണമറ്റ വിദേശ യാത്രകളില്‍ അദ്ദേഹത്തെ അനുഗമിക്കുന്ന വ്യക്തികളുടെ പൂര്‍ണ പട്ടിക ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ വിവരം പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തയ്യാറായില്ല. 2016 ജൂലൈയില്‍ തന്നെ പിഎന്‍ബിയിലെ ക്രമക്കേടുകളെക്കുറിച്ച് പരിശോധിക്കുന്നതിനു പിഎംഒയില്‍ ഒരാള്‍ പരാതി നല്‍കിയിരുന്നു. അന്നു മുതല്‍ ആ ഹരജി ശീതീകരണിയിലാണ്. മോദിയുടെ ഉറ്റ സഹായി അരുണ്‍ ജയ്റ്റ്‌ലി നയിക്കുന്ന ധനകാര്യ മന്ത്രാലയമോ ആര്‍ബിഐയോ ഒരു നടപടിയും എടുത്തില്ല. നീരവ് മോദിയുടെ സഹോദരന്‍ നിഷാല്‍ മോദി വിവാഹം കഴിച്ചത് മുകേഷ് അംബാനിയുടെ അനന്തിരവളെയാണ്. അതായിരിക്കുമോ മൗനത്തിനു കാരണം?
ജനുവരി 29നു പിഎന്‍ബിയില്‍ നിന്നു സിബിഐക്ക് ഒരു പരാതി ലഭിച്ചു. ജനുവരി 31നു നീരവ് മോദിക്കും കമ്പനിക്കുമെതിരേ കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, നിയമം നടപ്പാക്കുന്ന ഏജന്‍സികളെ അമ്പരപ്പിച്ച് അതിനകം ജനുവരി ആദ്യവാരത്തില്‍ തന്നെ നീരവ് മോദിയും കുടുംബവും രാജ്യം വിട്ട് ഒളിച്ചോടിയിരുന്നു.
ബല്‍ജിയന്‍ പൗരനായ നിഷാല്‍ മോദി ജനുവരി ഒന്നിന് ഇന്ത്യ വിട്ടു. നീരവ് മോദിയുടെ ഭാര്യ ആമിക്ക് അമേരിക്കന്‍ പൗരത്വമാണുള്ളത്. മാതൃസഹോദരനും ബിസിനസ് പങ്കാളിയുമായ ഗീതാഞ്ജലി ജെംസിന്റെ മെഹുല്‍ ചോക്‌സി ജനുവരി 6നും രാജ്യം വിട്ടു. ഇന്ത്യയില്‍ നിന്നു രക്ഷപ്പെട്ട ശേഷം നീരവ് മോദി ദവോസില്‍ ആഗോള സാമ്പത്തിക ഫോറം പരിപാടിയിലെ ഇന്ത്യന്‍ പ്രതിനിധികളുടെ കൂടെ നരേന്ദ്ര മോദിക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്കു നില്‍ക്കുന്നു. അദ്ദേഹത്തെയും ഇതേ വര്‍ഗത്തിലുള്ള മറ്റുള്ളവരെയും പിടികൂടുന്ന കാര്യം സര്‍ക്കാര്‍ വളരെ ഗൗരവത്തിലെടുക്കുന്നുവെന്ന് ആരു പറഞ്ഞു?
കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഭീമന്‍ അഴിമതികളാണ്- വിശേഷിച്ചും കോമണ്‍വെല്‍ത്ത് ഗെയിംസ്, 2ജി, കല്‍ക്കരി ഖനനം തുടങ്ങിയ അഴിമതി ആരോപണങ്ങള്‍ സൃഷ്ടിച്ച ഭരണവിരുദ്ധ തരംഗത്തിലേറിയാണ് 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വിജയം നേടിയത്. തന്റെ കരുത്തുറ്റ സര്‍ക്കാര്‍ എല്ലാ അഴിമതിക്കാരെയും തുറുങ്കിലടയ്ക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. എന്തായാലും തന്റെ ഭരണത്തിന്റെ അവസാന പാദത്തില്‍ അനേകം ചോദ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്. റോബര്‍ട്ട് വദ്രക്കും ഡിഎല്‍എഫ് അന്വേഷണത്തിനും എന്തു സംഭവിച്ചു? ലളിത് മോദി എവിടെയാണ്? വിജയ് മല്യ എവിടെ? അതൊക്കെ വിടുക. റഫേല്‍ വിമാന ഇടപാടിനെക്കുറിച്ചെങ്കിലും മോദിക്ക് മറുപടി നല്‍കാനാവുമോ? ഫ്രഞ്ച് കമ്പനി ദസോളില്‍ നിന്നുള്ള റഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിന് എന്തിനാണ് 58,000 കോടി രൂപയെന്ന തുക ഇന്ത്യ ചെലവഴിക്കുന്നത്?
2012ല്‍ 53,000 കോടി രൂപയ്ക്ക് 126 ജറ്റുകള്‍ വാങ്ങുന്നതിനുള്ള ഇടപാടില്‍ യുപിഎ സര്‍ക്കാര്‍ ധാരണയിലെത്തിയിരുന്നതാണ്. വിമാനങ്ങളില്‍ സിംഹഭാഗവും ദസോള്‍ സാങ്കേതികവിദ്യ കൈമാറി സര്‍ക്കാര്‍ ഉടമയിലുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡി (എച്ച്എഎല്‍)ന്റെ ഇന്ത്യന്‍ ഫാക്ടറിയില്‍ നിര്‍മിക്കാന്‍ കഴിയും വിധമുള്ള ഇടപാടായിരുന്നു അത്. സുപ്രധാനമായ ദസോള്‍ യോഗത്തിന് അനില്‍ അംബാനി പ്രധാനമന്ത്രിയോടൊപ്പം എന്തിനു പോയി? ഇതിനുള്ള മറുപടികള്‍ ഒരിക്കലും വരില്ല.
ഇന്ത്യയിലെ ശതകോടീശ്വരന്മാരില്‍ ഓരോരുത്തര്‍ക്കും ആയിരക്കണക്കിനു കോടി രൂപയുടെ 'വായ്പ'യുണ്ട്. അവരില്‍ പലരും ബിജെപി സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ആയാസരഹിതമായി ഒളിച്ചോടിയിരിക്കുന്നു. അതേ സ്ഥാനത്ത് കഴുത്തില്‍ വിവിധ വായ്പകളുടെ കുരുക്കു മുറുകുന്നത് ഒഴിവാക്കാന്‍ ഓരോ വര്‍ഷവും ഇന്ത്യയില്‍ 3,000-4,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. പരസ്പരം കുറ്റം ചാരുന്ന വാചാടോപവും തന്ത്രങ്ങളും അവലംബിച്ച് ഈ കുംഭകോണങ്ങള്‍ മുക്കിക്കളയാന്‍ എല്ലാ നിറത്തിലും ഇനത്തിലുമുള്ള രാഷ്ട്രീയ കക്ഷികളും അവരുടെ വായാടികളായ പ്രതിനിധികളും ശ്രമിക്കുകയാണ്. അത്യാര്‍ത്തി ഗ്രസിച്ചുകഴിഞ്ഞ ചങ്ങാത്ത മുതലാളിത്തത്തെ ചോദ്യം ചെയ്യാനും കോര്‍പറേറ്റ് അട്ടകളില്‍ നിന്നു സംഭാവന സ്വീകരിക്കുന്ന രാഷ്ട്രീയക്കാരെ ചോദ്യം ചെയ്യാനും ഒരു രാഷ്ട്രമെന്ന നിലയിലും അതിലെ സത്യസന്ധരായ നികുതിദായകരെന്ന നിലയിലും നമുക്കു സമയമായിരിക്കുന്നു. ഇപ്പോള്‍ നമുക്കത് ചെയ്യാനായില്ലെങ്കില്‍ തീര്‍ച്ചയായും നമ്മുടെ ഭാവി വിനാശകരമായിരിക്കും.                        ി

പരിഭാഷ: പി എ എം ഹാരിസ്

RELATED STORIES

Share it
Top