പെരുംകൂട് മല്‍സ്യബന്ധനം ഓര്‍മയാവുന്നു

ഹരിപ്പാട്: ഉള്‍നാടന്‍ മല്‍സ്യമേഖലയിലെ സ്ഥിരം കാഴ്ചയായിരുന്ന പെരുംകുട് നിര്‍മിച്ചുള്ള മല്‍സ്യബന്ധനവും ഓര്‍മയാകുന്നു.  പെരുംകൂട് നിര്‍മിച്ചിരുന്ന വിദഗ്ദരായ തൊഴിലാളികളുടെ അഭാവവും നിര്‍മാണത്തിലെ ചിലവും വലിയ മല്‍സ്യങ്ങളുടെ ലഭ്യതക്കുറവുമാണ് പെരും കൂടി ലൂടെയുള്ള മല്‍സ്യബന്ധനം ക്രമാതീതമായി കുറയാന്‍ കാരണം. കലാപരമായാണ് പെരുംകൂട്ടിന്റെ നിര്‍മാണം.
കമ്പി, കയര്‍, മുള എന്നിവയാണ് കൂടിന്റെ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുതുക്കള്‍. ഏകദേശം ആറോളം വലിയ മുളയും 30 കിലോയോളം കമ്പി, രണ്ടുകിലോ കയര്‍ എന്നിവയുണ്ടെങ്കില്‍ ഇടത്തരം കൂടുണ്ടാക്കാം. മുളചീകി  ചെറിയ വരികള്‍ക്ക് സമാനമായി രൂപപ്പെടുത്തണം. കൃത്യമായ അകലം പാലിക്കണം തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിദഗ്ദമായ ഒരു കരവിരുതാണ് കൂടുനിര്‍മാണം. മൂന്നുനാലു ദിവസം പൂര്‍ണമായി സമയം കണ്ടെത്തിയാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാം.  5000 മുതല്‍ 10,000 രൂപ വരെയാണ് നിര്‍മാണ ചിലവ്.
എന്നാല്‍ പഴയ തലമുറക്കാരുണ്ടെങ്കിലേ നിര്‍മാണം നടക്കൂ.  നദികളിലും കായലുകളിലും വലിയ മല്‍സ്യങ്ങളുടെ ലഭ്യതയില്‍ വന്‍ കുറവ് അനുഭവപ്പെട്ടതാണ്  പെരുംകൂട് മല്‍സ്യബന്ധനം പടിയിറങ്ങാന്‍ കാരണം.  പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നദികളിലും കായലുകളിലും നിത്യ കാഴ്ചയായിരുന്നു ഇത്. ഒഴുക്കു തങ്ങുന്ന പ്രദേശങ്ങളില്‍ മുളയില്‍ തീര്‍ത്ത വെശ നാട്ടി അവിടെ ആഴത്തിലാണ് കൂടുകള്‍ സ്ഥാപിച്ചിരുന്നത്. സീസണ്‍ സമയങ്ങളില്‍ പ്രതിദിനം കുടുപൊക്കുമായിരുന്നു. ഒരുകിലോ മുതല്‍  മുകളിലോട്ട് നിരവധി മല്‍സ്യങ്ങളെ ലഭിക്കുമായിരുന്നു. വാള,ചേറുമീന്‍, കട്‌ല, രൂഹ് ഗ്രാസ് കാര്‍പ്പ്  തുടങ്ങിയ ഇനങ്ങളില്‍ പെട്ട വലിയ മല്‍സ്യങ്ങളെയാണ് ലഭിച്ചിരുന്നത്.
നദികളോട് ചേര്‍ന്നുള്ള കുറ്റിക്കാടുകള്‍, മുളങ്കാടുകള്‍ ,പരുത്തിക്കാടുകള്‍ എന്നിവിടങ്ങളിലാണ് വലിയ മല്‍സ്യങ്ങള്‍ തമ്പടിച്ചിരുന്നത്. അതിനാല്‍ അത്തരം സ്ഥലങ്ങളിലാണ് കൂടുകള്‍ സ്ഥാപിച്ചിരുന്നതും. ഒരു സീസണില്‍ ലക്ഷക്കണക്കിന് രൂപയുടെ മല്‍സ്യങ്ങള്‍ ലഭിക്കുമായിരുന്നുവെന്ന് ഈ മേഖലയിലെ തൊഴിലാളികള്‍ വ്യക്തമാക്കുന്നു. നാമമാത്ര തൊഴിലാളികള്‍ മാത്രമാണ് ഈ മേഖലയില്‍ ഇന്നുള്ളത്. ചുരുക്കത്തില്‍ ഓര്‍മ്മ ചെപ്പിലേക്ക് മറയുന്ന ഒരു തൊഴിലായി പെരുംകൂട് മല്‍സ്യബന്ധനം നീങ്ങുന്നുവെന്നതാണ് ഏറെ ദുഖകരം.

RELATED STORIES

Share it
Top