പെരിയാറില്‍ അനധികൃത ചങ്ങാടങ്ങള്‍ക്കു വിലക്ക്

വണ്ടിപ്പെരിയാര്‍: വനത്തിനോട് ചേര്‍ന്നുകിടക്കുന്ന പെരിയാര്‍ നദിയിലേക്ക് അനധികൃത ചങ്ങാടങ്ങള്‍ ഇറക്കുന്നതിന് വനംവകുപ്പ് വിലക്ക് ഏര്‍പ്പെടുത്തി. പെരിയാര്‍ കടുവാ സങ്കേതത്തില്‍ വള്ളക്കടവ് റേഞ്ചില്‍ ഉള്‍പ്പെട്ട തൊണ്ടിയാര്‍ സെക്ഷനിലെ വനഭാഗത്തോട് ചേര്‍ന്നുകിടക്കുന്ന പെരിയാര്‍ നദിയില്‍ അനധികൃതമായി ചങ്ങാടങ്ങള്‍ ഇറക്കുന്നതിനാണ് വനംവകുപ്പ് തടഞ്ഞിരിക്കുന്നത്.
1972ലെ വന്യ ജീവി സംരക്ഷണ നിയമം വകുപ്പ് (27) പ്രകാരം ചങ്ങാടം ഇറക്കല്‍ നിയമവിരുദ്ധമായതിനാല്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നതായാണ് വള്ളക്കടവ് റേഞ്ച് ഓഫിസര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സ്വകാര്യ വ്യക്തികളാണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പെരിയാര്‍ നദിയിയിലൂടെ ചങ്ങാടം ഇറക്കിയത്. നിരവധി തവണ വനംവകുപ്പ് അധികൃതര്‍ ചങ്ങാടം ഇറക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇത് അവഗണിച്ചതോടെയാണ് വനംവകുപ്പ് നിരോധന ഉത്തരവ് നല്‍കാന്‍ നിര്‍ബന്ധിതരായത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

RELATED STORIES

Share it
Top