പെരിയാര്‍ പ്രതിമയും തകര്‍ക്കുമെന്ന് ബിജെപി നേതാക്കള്‍

ചെന്നൈ: ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ടതിനു പിറകെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ (പെരിയാര്‍ ഇ വി രാമസ്വാമി) പ്രതിമ തകര്‍ക്കുമെന്ന പ്രസ്താവനയുമായി ബിജെപി നേതാക്കള്‍.  ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമകളും തകര്‍ക്കുമെന്നു ബിജെപി നേതാവ് എച്ച് രാജ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. എന്നാല്‍, വിവാദമായതിനെത്തുടര്‍ന്ന് രാജ പോസ്റ്റ് പിന്‍വലിച്ചു.
യുവമോര്‍ച്ച തമിഴ്‌നാട് വൈസ് പ്രസിഡന്റ് എസ് ജി സൂര്യയും പ്രതിമ തകര്‍ക്കുമെന്നു പ്രസ്താവനയിറക്കി. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഇയാളുടെ പ്രതികരണം. “ത്രിപുരയില്‍ ലെനിന്റെ വീഴ്ച ബിജെപി വിജയകരമായി നടപ്പാക്കിയെന്നും തമിഴ്‌നാട്ടിലെ ഇ വി രാമസ്വാമി പ്രതിമ വീഴുന്ന നാളിനായി കാത്തിരിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. പ്രസ്താവന വിവാദമായതോടെ തന്റെ അഭിപ്രായത്തെ പിന്തുണച്ച് സൂര്യ വീണ്ടും ട്വീറ്റ് ചെയ്തു. ഒരു ദിവസം തമിഴ്‌നാട്ടില്‍ ഇ വി രാമസ്വാമിയുടെ പ്രതിമയും ബുള്‍ഡോസര്‍ വച്ചു തകര്‍ക്കുമെന്ന് അയാളുടെ രണ്ടാമത്തെ ട്വീറ്റില്‍ പറയുന്നു. നേരത്തേയും പെരിയാറിന്റെ പ്രതിമ തകര്‍ക്കാനുള്ള ആഹ്വാനം ഹിന്ദുത്വ ശക്തികളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
അതേസമയം, പെരിയാറുടെ പ്രതിമ തൊടാന്‍ പോലും ആരെയും അനുവദിക്കില്ലെന്നു ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ പ്രതികരിച്ചു.  അക്രമത്തിനു പ്രേരിപ്പിക്കുന്നതാണ് രാജയുടെ ആഹ്വാനം. ഇത്തരം ആഹ്വാനങ്ങള്‍ തുടര്‍ച്ചയായി നടത്തുകയാണ്. ഗുണ്ടാ നിയമം ചുമത്തി രാജയെ അറസ്റ്റ് ചെയ്യുകയാണു വേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു.

RELATED STORIES

Share it
Top