പെരിയാര്‍-ചോറ്റുപാറ തോട് കൈയേറി നിര്‍മാണം തകൃതി

സ്വന്തം പ്രതിനിധി

വണ്ടിപ്പെരിയാര്‍: തോട് കൈയേറി സ്വകാര്യവ്യക്തിയുടെ നിര്‍മാണ പ്രവര്‍ത്തനം സജീവം. കൊട്ടാരക്കര- ദിണ്ഡുക്കല്‍ ദേശീയ പാതയില്‍ നെല്ലിമലയ്ക്കു സമീപം പെരിയാര്‍-ചോറ്റുപാറ കൈ തോട് കൈയേറി സ്വകര്യവ്യക്തി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. റവന്യൂ വകുപ്പ് നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയതാണെങ്കിലും ഇത് ലംഘിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നാലു മീറ്ററോളം വീതിയുണ്ടായിരുന്ന കൈത്തോട് മണ്ണിട്ട് മൂടിയും നാലടി ഉയരത്തില്‍ കല്ല് കെട്ടിയുമാണ് കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത്. നിയമങ്ങളെ കാറ്റില്‍ പറത്തി രാഷ്ടീയ സ്വാധീനവും പണ സ്വാധീനവും ഉപയോഗിച്ച് തോട് കൈയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തകൃതിയായി നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ചോറ്റുപാറ കൈതോടില്‍ ഏറ്റവും വീതികുറഞ്ഞ സ്ഥലങ്ങളാണ് നെല്ലിമല, വാളാടി, കക്കി ജംങ്ഷനുകള്‍.മഴക്കാലത്ത് തോട് കവിഞ്ഞെഴുകി ദേശിയപാതയിലെ ഗതാഗതം ഏറെ നേരം തടസപ്പെടാറുണ്ട്. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തങ്ങളും വ്യാപകമായ കൈയ്യേറ്റങ്ങളും മൂലമാണ് തോടിന്റെ വീതി കുറയാനുള്ള കാരണം. ഇതിനിടയിലാണ് നാലു മീറ്റര്‍ വീതിയുണ്ടായിരുന്ന തോട്ടില്‍ കല്ല് കെട്ടി സ്വകാര്യ വ്യക്തി സ്ഥലംകൈയ്യേറാന്‍ ശ്രമിക്കുന്നത്. തോട്ടിലൂടെ നീരൊഴ്ക്ക് കുറവായതിനാല്‍ ഇതിനു സമീപത്ത് തന്നെ കല്ലിറക്കി കയ്യാല നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. സമീപവാസികളുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്ന്  പെരിയാര്‍ വില്ലേജ് ഓഫീസര്‍ സ്ഥലത്ത് എത്തുകയും സ്ഥിതിഗതികള്‍ പഠിച്ചതിനു ശേഷംനിയമ വിരുദ്ധമായുള്ള നിര്‍മ്മാണങ്ങള്‍ നടത്താതിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് തുടര്‍ന്ന് തഹസില്‍ദാര്‍ക്ക്  റിപ്പോര്‍ട്ടും നല്‍കി. ഇതിനിടയില്‍ പെരിയാര്‍  ചോറ്റുപാറ കൈത്തോട്ടില്‍ തോട്ടിലേക്ക് ഇറക്കി ദേശിയപാത അധികൃതര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപണമുണ്ട്.

RELATED STORIES

Share it
Top