പെരിഞ്ചാംകുട്ടി പ്ലാന്റേഷനില്‍ കുടില്‍ നിര്‍മിച്ചു; ഏഴ് ആദിവാസികള്‍ അറസ്റ്റില്‍

തൊടുപുഴ: വനംവകുപ്പിന്റെ അധീനതയിലുള്ള പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷനില്‍ കുടില്‍ നിര്‍മിച്ചതിന്റെ പേരില്‍ ഏഴ് ആദിവാസികളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 9 മണിയോടെ ആദിവാസികള്‍ പെരിഞ്ചാംകുട്ടിയില്‍ കടന്നുകയറിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ആദിവാസികള്‍ നിര്‍മിച്ച എട്ടു കുടിലുകള്‍ പോലിസും വനംവകുപ്പും ചേര്‍ന്നു പൊളിച്ചുനീക്കി. അടിമാലി മച്ചിപ്ലാവ് ആദിവാസിക്കുടിയിലെ താമസക്കാരായ ഏഴു പേരാണ് രാവിലെ പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷനിലെത്തി കുടിലുകള്‍ നിര്‍മിച്ചത്.
ഇതോടെ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ അഖില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പെരിഞ്ചാംകുട്ടിയിലെത്തി ആദിവാസികളെ കസ്റ്റഡിയിലെടുത്തു. വനഭൂമിയില്‍ അതിക്രമിച്ചുകയറിയതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും ആദിവാസികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പറഞ്ഞു.
അതേസമയം, പെരിഞ്ചാംകുട്ടി മേഖലയില്‍ കുടിയിരിക്കാനുള്ള അനുവാദം കോടതി മുഖേന ലഭിച്ചിട്ടുണ്ടെന്നും അതു പ്രകാരമാണ് കുടില്‍ നിര്‍മിച്ചതെന്നും ആദിവാസികള്‍ പറഞ്ഞു. ആദിവാസികള്‍ അവകാശപ്പെടുംപോലെ ഭൂമി സംബന്ധിച്ച് എന്തെങ്കിലും കോടതി ഉത്തരവുകള്‍ കുടില്‍ കെട്ടിയവരുടെ പക്കലുണ്ടോയെന്ന് പരിശോധിക്കുമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2012ലും സമാന രീതിയില്‍ 100ഓളം ആദിവാസികള്‍ പെരിഞ്ചാംകുട്ടി മേഖലയില്‍ കടന്നുകയറുകയും വനംവകുപ്പ് അവരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top