പെരിങ്ങോം-ചെറുപുഴ റോഡ് മെക്കാഡം പ്രവൃത്തി തുടങ്ങിചെറുപുഴ: ചെറുപുഴ-പെരിങ്ങോം-പയ്യന്നൂര്‍ പൊതുമരാമത്ത് വകുപ്പ് റോഡില്‍ മെക്കാഡത്തിന് അനുമതി ലഭിച്ച പെരിങ്ങോം മുതല്‍ ചെറുപുഴ വരെ പ്രവൃത്തി ആരംഭിച്ചു. പെരിങ്ങോം കെപി നഗറില്‍ സി കൃഷ്ണന്‍ എംഎല്‍എ, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ്് പി നളിനി, വൈസ് പ്രസിഡന്റ്് പി പ്രകാശന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ്് പി വി തമ്പാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ആദ്യലെയറായ ബിറ്റുമിന്‍ മെക്കാഡം ചെയ്തു തുടങ്ങിയത്. രണ്ടാം ഘട്ടത്തില്‍ നടത്തുന്ന ബിറ്റുമിന്‍ കോണ്‍ക്രീറ്റോടെ ടാറിങ് പൂര്‍ത്തിയാവും. ദിവസം റോഡിന്റെ ഒരു ഭാഗത്തായി ഒരു കിലോമീറ്ററിലധികം ദൂരത്തില്‍ ബിറ്റുമിന്‍ ചെയ്യാന്‍ കഴിയുമെന്നാണ് കരാറുകാരുടെ പ്രതീക്ഷ. 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് മഴയ്ക്കു മുമ്പേ ടാറിങ്് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, നിലവില്‍ റോഡിലുള്ള വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ കെഎസ്ഇബി നടപടിയെടുക്കാത്തതാണ് ആശങ്കയുയര്‍ത്തുന്നത്. പെരിങ്ങോം മുതല്‍ ഉമ്മറപ്പൊയില്‍ വരെയുള്ള ഭാഗത്ത് റോഡില്‍ വൈദ്യുതി തൂണുകള്‍ ഇല്ലാത്തതിനാലാണ് ഈ ഭാഗത്ത് പ്രവൃത്തി ആരംഭിച്ചത്്. 17 കോടി രൂപ ചെലവഴിച്ചാണ് 12 മീറ്റര്‍ വീതിയില്‍ റോഡ് വികസനം. റോഡ് നവീകരണം യാഥാര്‍ഥ്യമാവുന്നതോടെ മലയോരത്തെ പ്രധാന ടൗണുകളായ പെരിങ്ങോം, പാടിയോട്ടുചാല്‍, ചെറുപുഴ എന്നിവിടങ്ങളിലും വലിയതോതിലുള്ള വികസനമെത്തുമെന്നാണ് പ്രതീക്ഷ.

RELATED STORIES

Share it
Top