പെരിങ്ങരയിലും കുളനടയിലും ജനാലകളില്‍ കറുത്ത സ്റ്റിക്കര്‍; ജനം ആശങ്കയില്‍

തിരുവല്ല/പന്തളം: വീടിന്റെ ജനാലകളില്‍ കറുത്ത സ്റ്റിക്കറുകളും ഭിത്തിയില്‍ അവ്യക്ത ചിത്രങ്ങളും. കാണപ്പെട്ടത് ജനങ്ങളെ ഭീതിയിലാക്കി.
പെരിങ്ങര ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കാരയ്ക്കല്‍ മാവേലില്‍ തോമ്മാച്ചന്‍ എന്നു വിളിക്കുന്ന മാത്തന്റെ വീട്ടിന്റെ രണ്ടാം നിലയിലെ മൂന്ന് ജനാലകളില്‍ ഇന്നലെ രാവിലെ കറുത്ത സ്റ്റിക്കര്‍ പതിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതാണ് കുടുംബത്തെ ഭയപ്പാടിലാക്കിയത്. മോഷ്ടാക്കള്‍ മോഷണത്തിനായി തെരഞ്ഞെടുത്ത് അടയാളപ്പെടുത്തിയതാവാം ഈ സ്റ്റിക്കറ്റുകളെന്നുള്ള നിഗമനത്തില്‍ മാത്തന്‍ തിരുവല്ല പോലീസില്‍ പരാതിയും നല്‍കി.
പകല്‍ സമയങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്താന്‍ സാഹചര്യമുള്ള വീടുകള്‍ കണ്ടെത്തി, രാത്രികാലങ്ങളില്‍ മോഷണം പതിവാകുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ നാട്ടുകാരും പരിഭ്രാന്തരാണ്. കഴിഞ്ഞ 29 നും 31 നും പുതപ്പ്, ബാംബു കര്‍ട്ടന്‍ എന്നിവയുടെ വില്‍പ്പനയ്ക്കായി രണ്ട് സംഘം ആള്‍ക്കാര്‍ മാത്തന്റെ വീട്ടില്‍ എത്തിയിരുന്നത് ഓര്‍മ്മിച്ചപ്പോള്‍ മാത്തന് കൂടുതല്‍ ഭയാശങ്ക ഉളവാക്കി. ഇത്തരക്കാരും, ഇവരുടെ ഏജന്‍സികളുമാണ് മോഷണത്തിനനുയോജ്യമായ വീടുകള്‍ തെരഞ്ഞെടുക്കുന്നതെന്ന പത്രവാര്‍ത്തകളാണ് ഇതിന് കാരണമായത്.
വീടിന്റെ മതിലിന്റെ ഭാഗങ്ങളില്‍ സരിഗമ എന്നൊക്കെ എഴുതി വച്ചിരിക്കുന്നതും കണ്ടതോടെ സംശയം ബലപ്പെടുകയായിരുന്നു.ഇതേ തുടര്‍ന്നാണ് മാത്തന്‍ പോലീസിനെ സമീപിച്ചത്.അടുത്ത ദിവസങ്ങളില്‍ രാത്രിയില്‍ നായ്ക്കളുടെ കുര കൂടുതലായി അനുഭവപ്പെടുന്നുണ്ടെന്നും, കഴിഞ്ഞ രാത്രിയില്‍ വീടിനടുത്ത് വെള്ള നിറത്തിലുള്ള കാര്‍ കണ്ടതായി അയല്‍വാസികള്‍ പറഞ്ഞതായും മാത്തന്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും, പതിച്ചിരുന്ന സ്റ്റിക്കര്‍ മാത്തന്റെ പക്കല്‍ നിന്നും ശേഖരിച്ച ശേഷം, മതിലിലെ എഴുത്തുകള്‍ മായിച്ചു കളയുകയും, പോലീസിന്റെ നിരീക്ഷണം രാത്രി കാലങ്ങളില്‍ ഉണ്ടായിരിക്കുമെന്നും, യാതൊന്നും ഭയപ്പെടണ്ടായെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു.
എന്നാല്‍ സംഭവത്തില്‍ കേസെടുക്കാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്നാണ് പോലിസിന്റെ നിലപാട്. മതിലിലെ എഴുത്തുകള്‍ കൊച്ചു കുട്ടികളുടേതാകാമെന്നാണ് പ്രാഥമിക നിഗമനം.
പന്തളത്ത് കുളനട കൈപ്പുഴ മഠത്തില്‍ മഹേഷ് എം നായരുടെ വീടിന്റെ ഭിത്തിയിലും ജനാലകളിലുമാണ് ചിത്രങ്ങളും സ്റ്റിക്കറുകളും കാണപ്പെട്ടത്. ഇത് ശ്രദ്ധയില്‍പെട്ടതോടെ ഭീതിയിലായ വീട്ടുകാര്‍ ഉടന്‍ തന്നെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് ഇതു നടന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് പരിസരവാസികള്‍ തടിച്ചുകൂടിയിരുന്നു.
സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ മഹേഷ് എം നായരുടെ മാതാപിതാക്കളും ഭാര്യയുമാണ്  വീട്ടിലുണ്ടായിരുന്നത്. മോഷണ സംഘങ്ങള്‍ സ്റ്റിക്കര്‍ പതിപ്പിച്ച് മോഷ്ടിക്കുന്ന വാര്‍ത്ത മുന്‍പ് ശ്രദ്ധയില്‍ പെട്ടിരുന്നതിനാല്‍ യാദൃശ്ചികമായി സ്റ്റിക്കര്‍ ജനലില്‍ കണ്ടതോടെ പോലിസിനെ അറിയിക്കുകയായിരുന്നു.
കോട്ടയം ഇരവിപേരൂര്‍ എന്നിവിടങ്ങളില്‍ കണ്ടതിനു സമാനമായ കറുത്ത നിറത്തിലുള്ള സ്റ്റിക്കറുകളാണ് പന്തളത്തും പതിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top