പെയിന്റടി വിവാദം : ബെഹ്‌റയോട് കോടതി വിശദീകരണം തേടിതിരുവനന്തപുരം: സംസ്ഥാനത്ത് പോലിസ് സ്‌റ്റേഷനുകള്‍ തിരിച്ചറിയാന്‍ ഒരു പ്രത്യേക നിറത്തിന്റെ ആവശ്യമുണ്ടോയെന്ന് വിജിലന്‍സ് കോടതി. ഇത്തരം നിറം കൊടുക്കുകയാണെങ്കില്‍ അത് സാധാരണക്കാരന്‍ നിത്യവും സന്ദര്‍ശനം നടത്തുന്ന റേഷന്‍കടകള്‍ക്കല്ലേ നല്‍കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. പെയിന്റ് വിവാദവുമായി ബന്ധപ്പെട്ട് മുന്‍ പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ ഹരജി ഫയലില്‍ സ്വീകരിച്ചാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. പെയിന്റടിക്കാന്‍ സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതില്‍ അഴിമതി ഉണ്ടെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ പായിച്ചിറ  നവാസാണ് ഹരജി സമര്‍പ്പിച്ചത്. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ ലോക്‌നാഥ് ബെഹ്‌റയോട് ഈമാസം 20നകം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഡിജിപി സ്ഥാനമൊഴിയുന്നതിന് രണ്ടുദിവസം മുമ്പാണ് സംസ്ഥാനത്തെ പോലിസ് സ്‌റ്റേഷനുകളില്‍ ഡ്യൂലക്‌സ് കമ്പനിയുടെ ഒലീവ് ഇനത്തില്‍പ്പെട്ട കാപ്പിപ്പൊടി നിറം അടിക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍, ഇത്തരം സര്‍ക്കുലര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ പുറപ്പെടുവിക്കാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു. ഉത്തരവിട്ട സമയത്ത് ബെഹ്‌റ ഡിജിപി ആയിരുന്നോയെന്നും ജഡ്ജി എ ബദറുദ്ദീന്‍ സംശയം പ്രകടിപ്പിച്ചു. കേരള പോലിസിന്റെ തന്നെ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനും നിര്‍മിതികേന്ദ്രവും നിലവിലുള്ളപ്പോള്‍ ടെന്‍ഡര്‍പോലും ക്ഷണിക്കാതെ സ്വകാര്യകമ്പനിക്ക് പെയിന്റടിക്കാനുള്ള കരാര്‍ നല്‍കിയതില്‍ 500 കോടിയുടെ അഴിമതി നടന്നതായാണ് ഹരജിയിലെ ആരോപണം. കേസ് ഈമാസം 20ന് കോടതി പരിഗണിക്കും.

RELATED STORIES

Share it
Top