പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ; വിശദീകരണം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ചവരും കുടുംബാംഗങ്ങളും പെന്‍ഷന്‍ ലഭിക്കാതെ ജീവനൊടുക്കുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ മുടങ്ങാതെ നല്‍കുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ചീഫ് സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണം. കേസ് ഫെബ്രുവരി 27ന് കോട്ടയത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.കൂത്താട്ടുകുളം സ്വദേശിനി തങ്കമ്മ കുടുംബപെന്‍ഷന്‍ ലഭിക്കാതെ ആത്മഹത്യചെയ്ത പശ്ചാത്തലത്തില്‍ അഡ്വ. വി ദേവദാസ് ഫയല്‍ ചെയ്ത പരാതിയിലാണു നടപടി. കെഎസ്ആര്‍ടിസിയില്‍ നിന്നു വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്തത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പരാതിയില്‍ പറയുന്നു. അധികൃതര്‍ ഇക്കാര്യത്തില്‍ സ്വാഗതാര്‍ഹമായ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. സാമ്പത്തികസ്ഥിതി ദയനീയമാണെന്ന് പറഞ്ഞ് പെന്‍ഷന്‍ നല്‍കാത്തതില്‍ ന്യായീകരണമില്ലെന്നും പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top