പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ല

തിരുവനന്തപുരം:  സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്നത് സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ യുവജന സംഘടനാ നേതാക്കളുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരെ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് അവരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കേണ്ടി വന്നത്. സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകള്‍ മുന്‍കൂറായി കണക്കാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. ഒഴിവു വരുന്നതനുസരിച്ച് റിപോര്‍ട്ട് ചെയ്യുന്നതിന് സോഫ്റ്റ്‌വെയര്‍ സംവിധാനം ഒരുക്കുന്നത് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് ജോലി ലഭിക്കാത്തത് പൊതുപുനരുദ്ധാരണവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത് നല്ല രീതിയില്‍ പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്. തൊഴിലില്ലായ്മാ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് യുവജന സംഘടനകളുമായി ചര്‍ച്ച നടത്തും. താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാക്കും. സീനിയോറിറ്റി പാലിക്കാതെ നിയമനം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച് പഠനം നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്.
യുവജനത സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. വാട്‌സ്ആപ്പ് പോലെയുള്ള മാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ വ്യാജപ്രചാരണം നടക്കുന്നുണ്ട്. പലരും യഥാര്‍ഥ ഉദ്ദേശ്യം മനസ്സിലാക്കാതെ കെണിയില്‍പെടുന്ന അവസ്ഥയാണ്. വാട്‌സ്ആപ്പ് ഹര്‍ത്താല്‍ അത്തരത്തില്‍ സംഭവിച്ചതാണ്. ആരാണ് അതിന് തുടക്കം കുറിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. നാട്ടില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചു വരുകയാണ്. ഇതിനെതിരേ ശക്തമായ പ്രചാരണം നടത്തേണ്ടതുണ്ട്. സംസ്ഥാനത്ത് വര്‍ഗീയത ഇളക്കി വിടാനുള്ള നീക്കത്തിനെതിരേ കര്‍ശന നിലപാട് സ്വീകരിക്കും.
സര്‍ക്കാര്‍ മേഖലയില്‍ 70,000 ഒഴിവുകള്‍ രണ്ടു വര്‍ഷത്തില്‍ നികത്താനായി. 2011/13 കാലഘട്ടത്തില്‍ ഇത് 48,000 ആയിരുന്നു. അതേ കാലഘട്ടത്തില്‍ പുതുതായി 9000 തസ്തിക സൃഷ്ടിച്ച സ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 13,000 തസ്തികകള്‍ സൃഷ്ടിക്കാനായി.  കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് റിക്രൂട്ട്‌മെന്റ് പെട്ടെന്ന് ആരംഭിക്കും. 13 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി. ഹൈസ്പീഡ് ഇന്റര്‍നെറ്റ് വീടുകളിലും ഓഫിസുകളിലും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പൊതുസ്ഥലങ്ങളില്‍ വൈഫൈ ലഭ്യമാക്കും. ഐടി പാര്‍ക്കുകള്‍ വികസിപ്പിക്കും. കേരളത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റുന്നതു മൂലം നിരവധി പുതിയ സംരംഭങ്ങള്‍ വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രി എ സി മൊയ്തീന്‍, യുവജനകാര്യ സെക്രട്ടറി ടി ഒ സൂരജ്, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷന്‍ പി ബിജു, വിവിധ യുവജന സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top