പെനല്‍റ്റി രക്ഷയായി; കൊറിയക്കെതിരേ സ്വീഡന് ജയം


മോസ്‌കോ: ഗ്രൂപ്പ് എഫിലെ പോരാട്ടത്തില്‍ ദക്ഷിണ കൊറിയക്കെതിരേ സ്വീഡന് ജയം. ഇറ്റലിയെ അട്ടിമറിച്ച് റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയ സ്വീഡന്റെ കളി മികവ് അത്ര തന്നെ കളത്തില്‍ കണ്ടില്ലെങ്കിലും ഏകപക്ഷീയമായ ഒരു ഗോളിന് കൊറിയയെ സ്വീഡന്‍ പരാജയപ്പെടുത്തുകയായിരുന്നു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 65ാം മിനിറ്റില്‍ ആന്ദ്രസ് ഗ്രാന്‍ക്വിസ്റ്റാണ് പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് സ്വീഡന്റെ രക്ഷകനായത്.
12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പിന് യോഗ്യത നേടിയെടുത്ത സ്വീഡിഷ് നിര 4-4-2 ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയപ്പോള്‍ 4-3-3 ഫോര്‍മാറ്റിലായിരുന്നു കൊറിയയുടെ പടപ്പുറപ്പാട്. ടോട്ടനം താരം സണ്‍ ഹ്യൂന്‍ മിന്‍ അണിനിരക്കുന്ന കൊറിയന്‍ നിരയ്‌ക്കെതിരേ തുടക്കം മുതല്‍ സ്വീഡിഷ് നിര ആധിപത്യം പുലര്‍ത്തിയെങ്കിലും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. ലഭിച്ച അവസരങ്ങളില്‍ കൊറിയന്‍ നിര ചില പ്രത്യക്രമണങ്ങള്‍ നടത്തിയതൊഴിച്ചാല്‍ നിരാശാജനകമായ പ്രകടനമായിരുന്നു കൊറിയയുടേത്. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ ഇരുകൂട്ടരും അക്കൗണ്ട് കാലിയാക്കിയാണ് മടങ്ങിയത്.
രണ്ടാം പകുതിയിലും നിലവാരത്തിനൊത്ത് സ്വീഡന് ഉയരാന്‍ സാധിച്ചില്ലെങ്കിലും 65ാം മിനിറ്റില്‍ പെനല്‍റ്റി ഭാഗ്യം സ്വീഡനൊപ്പം നിന്നു. ദക്ഷിണ കൊറിയയുടെ കി മിന്‍ വൂ ബോക്‌സില്‍ വിക്ടര്‍ ക്ലാസണിനെ ഫൗള്‍ ചെയ്തത് ആദ്യം റഫറി കണ്ടില്ലെങ്കിലും പിന്നീട് വീഡിയോ റഫറിങ് വഴി ഫൗള്‍ ആണെന്ന് തെളിയുകയും സ്വീഡന് അനുകൂലമായി പെനല്‍റ്റി ലഭിക്കുകയുമായിരുന്നു. കിക്കെടുത്ത സ്വീഡിഷ് നായകന്‍ ആന്ദ്രസ് ഗ്രാന്‍ക്വിസ്റ്റയ്ക്ക് ഉന്നം പിഴക്കാതെ പന്ത് വലയിലെത്തിച്ചതാണ് സ്വീഡന് ജയമൊരുക്കിയത്.
ജയത്തോടെ ഗ്രൂപ്പ് എഫില്‍ നിര്‍ണായകമായ മൂന്ന് പോയിന്റ് സ്വീഡന്‍ സ്വന്തമാക്കി. നേരത്തെ ജര്‍മനിയെ തകര്‍ത്ത് ഗ്രൂപ്പില്‍ മെക്‌സിക്കോയും മൂന്ന് പോയിന്റുകള്‍ നേടിയിരുന്നു.

RELATED STORIES

Share it
Top