പെനല്‍റ്റി കിക്ക്

ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നതോടെ കളിഭ്രാന്തന്‍മാര്‍ക്കിടയില്‍ പെനല്‍റ്റി കിക്കിനെക്കുറിച്ച ആശങ്ക വര്‍ധിക്കാന്‍ തുടങ്ങി. 40 വര്‍ഷം മുമ്പ് രണ്ടു മണിക്കൂര്‍ കളിച്ച ശേഷം സമനിലയിലാണെങ്കില്‍ നറുക്കെടുത്തായിരുന്നു ചാംപ്യന്‍മാരെ നിശ്ചയിച്ചിരുന്നത്. 1978ല്‍ വെറും ഭാഗ്യപരീക്ഷണം വേണ്ടെന്ന് ഫിഫ തീരുമാനിച്ചു. 1982നു ശേഷമാണ് പെനല്‍റ്റി ടീമുകളുടെ ഭാഗ്യം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായിത്തീരുന്നത്. 18 ടീമുകളില്‍ ഏഴെണ്ണം പെനല്‍റ്റിയിലൂടെയാണ് ഫൈനലില്‍ എത്തിയത്. രണ്ടു ഫൈനല്‍ മല്‍സരങ്ങളിലും ചാംപ്യന്‍മാരെ തുണച്ചത് പെനല്‍റ്റിയായിരുന്നു.
എന്നാല്‍, പെനല്‍റ്റി ഒരു ടീമിന്റെ വൈദഗ്ധ്യത്തിന്റെ സൂചനയല്ലെന്ന വിമര്‍ശനവും ഉയര്‍ന്നുവരുന്നുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിലെ ഒരു ഗവേഷകന്‍, ആദ്യം പന്തടിക്കാന്‍ ടോസ്സ് നേടുന്ന ടീമിനു 60 ശതമാനം വിജയസാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ലോകകപ്പിലും മറ്റുമായി 1000 ഫുട്‌ബോള്‍ മല്‍സരങ്ങള്‍ വിശകലനം ചെയ്താണ് അദ്ദേഹം ഈ നിഗമനത്തിലെത്തുന്നത്. ടീം എ ടീം ബി ടീം എ ടീം ബി എന്നതിനു പകരം ടെന്നിസില്‍ കാണുന്നപോലെ ടീം എ ടീം ബി ടീം ബി ടീം എ എന്ന ക്രമത്തില്‍ പന്തടിക്കുന്ന രീതി കൊണ്ടുവന്നാല്‍ എന്തോ കാരണത്താല്‍ ടോസ്സ് കിട്ടുന്ന ടീമിന്റെ വിശേഷാനുകൂല്യം തടയാമെന്നാണ് വാദം. പന്തടിക്കുമ്പോള്‍ ഉയരത്തില്‍ അടിക്കുന്നതാണ് ഗോളാക്കാന്‍ കൂടുതല്‍ നല്ലതെന്നും ഗവേഷകന്‍ ചൂണ്ടിക്കാട്ടുന്നു. അര സെക്കന്‍ഡിനുള്ളിലാണ് പന്ത് ഗോള്‍പോസ്റ്റില്‍ എത്തുന്നത്. അതു തടയാന്‍ ഗോള്‍കീപ്പര്‍ക്ക് അസാമാന്യ മെയ്‌വഴക്കം വേണം.

RELATED STORIES

Share it
Top