പെണ്‍കുട്ടിയെ പൊള്ളലേല്‍പ്പിച്ചു ; മാതാവിനെതിരേ കേസ്തിരുവനന്തപുരം: കാട്ടാക്കടയില്‍ അമ്മ മകളെ ചട്ടുകംകൊണ്ട് പൊള്ളിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അമ്മയ്‌ക്കെതിരേ നെയ്യാര്‍ ഡാം പോലിസ് കേസെടുത്തു. കുറ്റിച്ചല്‍ ഉത്തരംകോട് ചപ്പാത്ത് പൂച്ചപ്പാറ കോളനിയില്‍ സരിതയ്‌ക്കെതിരേയാണ് കേസ്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പഞ്ചായത്തംഗം വല്‍സലരാജന്‍ നല്‍കിയ മൊഴിയെത്തുടര്‍ന്നാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പതിനൊന്നുകാരിയായ മകളുമായി അമ്മ വഴക്കുണ്ടാക്കിയെന്നും പിന്നാലെ കുട്ടിയെ ചൂട് ചട്ടുകംകൊണ്ട് പൊള്ളിക്കുകയായിരുന്നുവെന്നുമാണ് പരാതിക്കാരുടെ മൊഴി. കുട്ടിയെ അമ്മയും ബന്ധുക്കളും തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി എസ്എടി ആശുപത്രിയില്‍ ചികില്‍സയിലാണ്. കുട്ടിയുടെ ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ വഴക്കിനിടെ തന്റെ കൈയിലിരുന്ന ചട്ടുകത്തില്‍ കുട്ടി പിടിച്ചതാണ് പരിക്കേല്‍ക്കാന്‍ കാരണമായതെന്ന് അമ്മ പ്രതികരിച്ചു. ഉത്തരംകോട് ഹൈസ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയാണ് കുട്ടി.

RELATED STORIES

Share it
Top