പെണ്‍കുട്ടിയെ ആര്‍എസ്എസ് കേന്ദ്രത്തില്‍ തടവിലിട്ട സംഭവം; മാനസികരോഗിയാക്കാന്‍ സഹായിച്ചത് അമൃത ആശുപത്രി

തൃശൂര്‍: ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് രണ്ടു വര്‍ഷമായി ആര്‍എസ്എസ് കേന്ദ്രത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ച പെണ്‍കുട്ടിക്ക് മാനസികരോഗമാണെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് അമൃത ആശുപത്രിയില്‍ നിന്ന്. യുവതിയെ വീട്ടുകാര്‍ തടങ്കലിലാക്കിയതായി വിവരം ലഭിച്ചതോടെ 2016ല്‍ തന്നെ യുവാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിരുന്നു.
ഇതിനെ പ്രതിരോധിക്കാനാണ് ആര്‍എസ്എസ് സഹായത്തോടെ പെണ്‍കുട്ടിയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയത്. തുടര്‍ന്ന് ബലംപ്രയോഗിച്ച് അമൃത ആശുപത്രിയില്‍ എത്തിച്ച് മാനസികരോഗത്തിനുള്ള ചികില്‍സ നല്‍കുകയായിരുന്നു. രണ്ടു മാസത്തോളം മാനസിക രോഗത്തിനുള്ള ചികില്‍സ നല്‍കിയ ശേഷം മാനസികരോഗിയാണെന്ന സര്‍ട്ടിഫിക്കറ്റും വീട്ടുകാര്‍ സ്വന്തമാക്കി. അമ്മയും ബന്ധുക്കളും സമര്‍പ്പിച്ച ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിലാണ് യുവാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈക്കോടതി തള്ളിയത്. ഇതിനു മുമ്പ് തൃപ്പൂണിത്തുറയിലെ ആര്‍എസ്എസ് മതംമാറ്റ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതികളും അമൃത ആശുപത്രിക്കെതിരേ പരാതി ഉയര്‍ത്തിയിരുന്നു. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് എത്തിക്കുന്ന യുവതികള്‍ക്ക് വ്യാജ മാനസികരോഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അമൃത ആശുപത്രിക്കെതിരേ യുവതികള്‍ പരസ്യമായി രംഗത്തു വന്നിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.ആശുപത്രി രേഖകളുടെ പിന്‍ബലത്തില്‍ നേടിയ ഹൈക്കോടതി വിധിയുടെ സഹായത്തോടെയാണു പെണ്‍കുട്ടികളെ ഇത്തരം ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ പീഡിപ്പിക്കുന്നത്. നിരന്തരം പീഡനത്തിനിരയായതായി പെണ്‍കുട്ടി പരാതിപ്പെട്ടിട്ടും മംഗലാപുരം മജിസ്‌ട്രേറ്റ് കോടതിയും പെണ്‍കുട്ടിയെ അമ്മയോടൊപ്പം വിടാനാണ് ആദ്യം നിര്‍ദേശിച്ചത്. മാനസികരോഗിയാണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിട്ട് എന്തിനാണ് കേസില്‍ ഇടപ്പെട്ടതെന്ന് പോലും കോടതി ചോദിച്ചു. പെണ്‍കുട്ടിയുടെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് പിന്നീട് മഹിളാ മന്ദിരത്തിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.
പെണ്‍കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കേരള പോലിസ് ശ്രമം നടത്തിയെങ്കിലും കോടതി അനുവദിച്ചില്ല. സംഭവം നടന്നതും പോലിസ് നടപടികളും കര്‍ണാടകയിലാണെന്ന് പറഞ്ഞാണ് പോലിസിന്റെ ആവശ്യം കോടതി നിരസിച്ചത്. പെണ്‍കുട്ടിയെ കൊണ്ടുവരാന്‍ ഗുരുവായൂര്‍ എസ്‌ഐ അനുദാസ്, എഎസ്‌ഐ ശ്രീകുമാര്‍, വനിതാ സിപിഒ മിനിത എന്നിവരടങ്ങിയ സംഘം മംഗലാപുരം കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ കേരളത്തിന് കൈമാറാന്‍ കോടതി അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ മടങ്ങി. കഴിഞ്ഞദിവസമാണ് തൃശൂര്‍ അരിയന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തെ സംബന്ധിച്ച് മംഗലാപുരത്തെ തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് സാഹസികമായി അച്ഛന്റെ ബന്ധുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ചത്. സംഭവത്തില്‍ കേരള മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ മംഗലാപുരത്തെ തടങ്കലില്‍ നിന്ന് കര്‍ണാടക പോലിസിന് മോചിപ്പിക്കാനായത്.
അച്ഛന്റെ പരിചയക്കാരനുമായുള്ള പ്രണയത്തെ അച്ഛന്റെ മരണത്തോടെയാണ് വീട്ടുകാര്‍ എതിര്‍ത്തത്. പ്രണയം വീട്ടിലറിഞ്ഞതോടെ ആദ്യം തൃശൂരിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്കു തന്നെ മാറ്റി. പിന്നീട് അമൃത ആശുപത്രിയില്‍ നിന്ന് മാനസികരോഗിയെന്ന് സര്‍ട്ടിഫിക്കറ്റുണ്ടാക്കി. പീന്നീട് വിവിധയിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങളായി നടക്കുന്ന ക്രൂര പീഡനത്തില്‍ നിന്ന് തന്നെ രക്ഷിക്കണമെന്ന് പെണ്‍കുട്ടി അച്ഛന്റെ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അമ്മയോടുള്ള ദേഷ്യം തന്നോട് കാണിക്കരുതെന്നും സന്ദേശത്തില്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്നു.
മംഗലാപുരത്തെ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് കേരള ഡിജിപിയെ ഫോണില്‍ വിളിച്ചാണ് പെണ്‍കുട്ടി ആദ്യം സഹായം തേടിയത്. കാമുകന്‍ രഹസ്യമായി എത്തിച്ചുനല്‍കിയ സിം കാര്‍ഡ് ഉപയോഗിച്ചായിരുന്നു വിളിച്ചത്. തുടര്‍ന്ന് കേരള ഡിജിപി കര്‍ണാടക പോലിസിനെ വിവരമറിയിച്ചു. കര്‍ണാടക ഡിജിപിയുടെ നിര്‍ദേശപ്രകാരം മംഗലാപുരം സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച സ്ഥലം പോലിസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ മംഗലാപുരം വനിതാ പോലിസ് അമ്മയ്‌ക്കെതിരേ കേസ് എടുത്തു കോടതിയില്‍ ഹാജരാക്കി. മകള്‍ മാനസികരോഗിയാണെന്ന നിലപാട് അമ്മ കോടതിയില്‍ ആവര്‍ത്തിച്ചു.

RELATED STORIES

Share it
Top