പെണ്‍കുട്ടിക്കു നേരെ ആസിഡ് ആക്രമണം: പ്രതി പിടിയില്‍

കൊട്ടാരക്കര: പെണ്‍കുട്ടിക്കു നേരെ യുവാവ് നടത്തിയ ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനിലാണു സംഭവം. പുനലൂര്‍ മണിയാര്‍ ബിന്ദുജ ഭവനില്‍ ബിജിനി(18)ക്കാണ് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റത്. ട്രെയിനില്‍ അടുത്ത സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന കൊല്ലം അഷ്ടമുടി മണലികട വാഴക്കൂട്ടത്തില്‍ വീട്ടില്‍ അലോഷ്യസിനും (22) പൊള്ളലേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ പുനലൂര്‍ പ്ലാത്തറ കളിയിലുവിള വീട്ടില്‍ അരുണി(18)നെ നാട്ടുകാര്‍ പിടികൂടി കൊട്ടാരക്കര പോലിസിനു കൈമാറി. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടി കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ആക്രമണത്തിനിരയായത്. നിര്‍ത്തിയിട്ട ട്രെയിനില്‍ ഇരുന്ന പെണ്‍കുട്ടിയുടെ മുഖത്തേക്ക് മുഖം മറച്ച് എത്തിയ യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം പ്രതി ഷര്‍ട്ട് ഉപേക്ഷിച്ച് ട്രെയിനില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ എത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി കൊട്ടാരക്കര പോലിസിന് കൈമാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത്: പുനലൂര്‍ സ്വദേശികളായ ഇരുവരും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസകാലം മുതല്‍ പ്രണയത്തിലായിരുന്നു. അടുത്തകാലത്തായി പെണ്‍കുട്ടി ഈ ബന്ധത്തില്‍ നിന്നു പിന്മാറി. ഈ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിനു കാരണം. പ്രതിയെ റെയില്‍വേ പോലിസിന് കൈമാറുമെന്ന് കൊട്ടാരക്കര പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top