പെണ്‍കരുത്തിന് രണ്ടാംതവണയും വിജയം; പെരുനാട് ബഥനിക്ക് എ ഗ്രേഡ്

പത്തനംതിട്ട: പുതുതലമുറയിലേക്ക് ഒരു കാമറ ഫോക്കസുമായി പെരുനാട് ബഥനി എച്ച്എസ്എസിലെ കുട്ടികള്‍ എച്ച്എസ് മലയാളം നാടകത്തിലെ ആധിപത്യം നിലനിര്‍ത്തി. കോടതിയില്‍ നിന്ന് അപ്പീലുമായി എത്തിയ ഇവര്‍ സംസ്ഥാനാടിസ്ഥാനത്തില്‍ എ ഗ്രേഡ് നേടിയപ്പോള്‍ പോരാട്ട വിജയത്തിന്റെ ആവേശം വര്‍ധിച്ചു.
ഇന്റര്‍നെറ്റുകളും മൊബൈല്‍ കാമറകളും പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതിന്റെ കാണാമറയത്തെ അപകടങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ കാമറയിലെ പെണ്‍കുട്ടി എന്ന നാടകമാണ് ഇവര്‍ അരങ്ങത്ത് അവതരിപ്പിച്ചത്. കൊടുമണ്‍ ഗോപാലകൃഷ്ണനാണ് നാടകം രചനയും സംവിധാനവും നിര്‍വഹിച്ചത്. വിദ്യാര്‍ഥിനികളായ ലക്ഷ്മിപ്രസാദ്, റിന്റോ റോയി, ലക്ഷ്മി, പി.എസ്. ജയലക്ഷ്മി, ആര്‍. സ്‌നേഹ, ജീജ, ദേവിക മനോജ്, കൃപ സൂസന്‍, ഷാനാ സാറാ ജോസഫ്, ജിറ്റി കെ.ഏബ്രഹാം, ജെയിസി മാത്യു അഭിനയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്രിസ്റ്റീനയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ മത്സരത്തിനെത്തിയത്.

RELATED STORIES

Share it
Top