പെട്രോള്‍ വിലവര്‍ധന: വടകര റൂട്ടില്‍ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു

വടകര : തുടര്‍ച്ചയായി ഉയര്‍ന്ന് കൊണ്ടിരിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന വടകരയിലെ പല റൂട്ടുകളിലെയും ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഓപ്പറേറ്റീവ് അസോസിയേഷന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ ബസുകള്‍ ഓരോന്നായി ആര്‍ടിഒക്ക് സ്‌റ്റോപ്പേജിനുള്ള അപേക്ഷ നാല്‍കാനാണ് തീരുമാനം. അസോസിയേഷന് കീഴില്‍ 200 ബസുകളാണ് സര്‍വീസ് നടത്തുന്നത്.പുതിയ ഡീസല്‍ നിരക്ക് അനുസരിച്ച് സര്‍വീസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല.
ഡീസലിന് 64 രൂപയുള്ളപ്പോഴാണ് യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചത്. ആറുമാസത്തിന് ശേഷം ഇപ്പോഴത്തെ ഡീസല്‍ വില 78.64 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു ബസ് ദിവസം 80 ലിറ്ററോളം ഡീസല്‍ നിറക്കും. ഇതിനായി 6300 രൂപ വേണം. തൊഴിലാളികളുടെ കൂലിയായി 3000 രൂപയും, സ്റ്റാന്‍ഡ് ഫീ ഇനത്തില്‍ 200 രൂപയും വേണം. എല്ലാം കൂടി ഒരു ദിവസത്തേക്ക് 9500 രൂപ ചിലവ് വരുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഒരു ദിവസം ഓടിയാല്‍ ലഭിക്കുന്നത് 10,000 രൂപയോളമാണ്. ചിവല് കഴിച്ച് മിച്ചമായി ലഭിക്കുന്നത് വെറും 500 രൂപ മാത്രമാണ്.
ബസിന്റെ അറ്റകുറ്റപ്പണി, ടയര്‍ മാറ്റര്‍, ഇന്‍ഷുറന്‍സ്, ടാക്‌സ്, ക്ഷേമനിധി തുടങ്ങിയവ വെറെ ചിലവുകളും കൂടെ ചെയ്യേണ്ടതുണ്ട്. ഇന്‍ഷുറന്‍സിന് വര്‍ഷത്തില്‍ 80,000 രൂപ മുതല്‍ ഒരു ലക്ഷം വരെ വേണം. നികുതി മൂന്ന് മാസം കൂടുമ്പോള്‍ 29,900 വും ക്ഷേമനിധിയായി 3150 രൂപയും ഇവരുടെ ചിലവിനത്തില്‍ പെടുന്നവയാണ്. എന്നാല്‍ ഇതെല്ലാം ബസ് ഓടിച്ച് ലഭിക്കുന്ന തുക കൊണ്ടാണ് അടക്കേണ്ടത് എന്നാലോചിക്കുമ്പോള്‍ എല്ലാ സര്‍വീസുകളും നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് ഉടമകള്‍ പറയുന്നത്. ഇതിനിടെ ഗതാഗത കുരുക്കിന്റെയും മറ്റും പേരില്‍ ട്രിപ്പ് നഷ്ടമാവുന്നതിന്റെ നഷ്ടം വേറെയും. നേരത്തെ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ശരാശരി ആയിരം രൂപ മുതല്‍ 1200 രൂപ വരെ ദിവസേന അധികം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് ദിവസേന ലഭിക്കുന്നത് മിച്ചമായ തുകയെന്ന് മാത്രമല്ല ചില ദിവസങ്ങളില്‍ തൊഴിലാളികള്‍ക്കുള്ള കൂലി പോലും സ്വന്തം പോക്കറ്റില്‍ നിന്നും നല്‍കേണ്ടി വരുമെന്നും ഉടമകള്‍ പറയുന്നു. പെട്രോളിയം വില വര്‍ധനവ് അടിക്കടിയുണ്ടായിട്ട് ബസുകളുടെ ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ അധികാരികളില്‍ അറിയിച്ചിട്ട് പോലും സര്‍ക്കാരിലേക്ക് അടക്കേണ്ട തുകയില്‍ ഒരു കുറവും വരുത്താന്‍ തയ്യാറാവുന്നില്ല. ഇതിന് പരിഹാരമായി ബസ് നിരക്ക് വര്‍ദ്ധിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ഈ പ്രശ്‌നം വന്നതോടെ തൊഴിലാളികളുടെ അവസ്ഥയും ഏറെ പരിതാപകരമാണ്.
ദിവസേന ഉടമകള്‍ക്ക് നല്‍കാന്‍ ഒരു ദിവസത്തെ കൂലി തൊഴിലിന് ലഭിക്കുന്ന വരുമാനം പോലും നല്‍കാനാവുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ചില ദിവസങ്ങളില്‍ ഇതും നല്‍കാനാവില്ല. ഇതോടെ ഈ മേഖലയിലെ തൊഴിലാളികള്‍ മറ്റു മേഖല നോക്കിപ്പോകേണ്ട അവസ്ഥയാണുള്ളതെന്നും തൊഴിലാളികള്‍ പറഞ്ഞു.

RELATED STORIES

Share it
Top