പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം: നാലുപേര്‍ പിടിയില്‍

കറുകച്ചാല്‍: മദ്യലഹരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ സംഘം ചേര്‍ന്നു മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേരേ പോലിസ് പിടികൂടി. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ വടക്കേടത്ത് പുല്ലുവേലില്‍ അനന്തു സുകുമാരന്‍ (21), അയര്‍ക്കുന്നം കോയിത്തുരുത്തില്‍ അരവിന്ദ് വോണുഗോപാല്‍ (21), അയര്‍ക്കുന്നം കുന്നംകലശ്ശേരിയില്‍ എബിന്‍ എബ്രഹാം (23), വടവാതൂര്‍ വിജയപുരം കണ്ടന്‍ചിറയില്‍ പ്രണവ് പ്രകാശ് (20), എന്നിവരെയാണ് കറുകച്ചാല്‍ പോലിസ് അറസ്റ്റു ചെയ്തത്. സംഘത്തിലുണ്ടായിരുന്ന അയര്‍ക്കുന്നം സ്വദേശി വിഷ്ണു വിജയ(21)നെ പിടികൂടാനായില്ല. ഞായറാഴ്ച്ച രാത്രി 9.30ന് കറുകച്ചാല്‍ ഇന്ദ്രനീലം ഫ്യുവല്‍സിലെ ജീവനക്കാരനായ ഏഴത്തുവടകര പൂണിക്കാവില്‍ പി പി അനില്‍കുമാറിനെ പമ്പിനുള്ളിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സുഹൃത്തിന്റ വീട്ടിലെ വിരുന്നിനെത്തിയതായിരുന്നു അക്രമി സംഘം. മദ്യലഹരിയിലെത്തിയ ഇവര്‍ പമ്പിലേക്കുള്ള വഴിയില്‍ ബൈക്ക് നിര്‍ത്തിയിട്ടപ്പോള്‍ മാറ്റുവാന്‍ ആവശ്യപ്പെട്ടതിനാണ് ആക്രമിക്കാന്‍ ഇടയായത്. അനില്‍കുമാറിനെ ഹെല്‍മറ്റിന് അടിച്ച ശേഷം നിലത്തിട്ടു ചവിട്ടിയാണ് പരിക്കേല്‍പ്പിച്ചത്. മുഖത്തും ശരീരത്തിലും സാരമായി പരിക്കേറ്റ അനില്‍കുമാര്‍ കറുകച്ചാലിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. അനില്‍കുമാറിനെ പ്രതികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഇവര്‍ എത്തിയ വാഹനത്തിന്റ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ സംബന്ധിച്ച വിവരം ലഭിച്ചത്. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചതായി കറുകച്ചാല്‍ പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top