പെട്രോള്‍, ഡീസല്‍ വില കുറയ്ക്കല്‍ കേന്ദ്രസര്‍ക്കാരിന് എളുപ്പമാവില്ല

കെ എ സലിം

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെയും 2019ല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെയും ശക്തമായ സമ്മര്‍ദമുണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കല്‍ കേന്ദ്രസര്‍ക്കാരിന് എളുപ്പമാവില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഏറ്റവും സുപ്രധാന വരുമാനമാണ് ഇന്ധനത്തില്‍ നിന്നുള്ള നികുതി. അത് കുറയ്ക്കുന്നത് നോട്ടു നിരോധനത്തോടെ തകര്‍ന്ന സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിക്കും.
പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്ന് 2.29 ലക്ഷം കോടിയാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന് എക്‌സൈസ് നികുതിയായി ലഭിച്ചത്. 2016-17ല്‍ ഇത് 2.42 ലക്ഷം കോടിയായിരുന്നു. പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ് നിലവില്‍ എക്‌സൈസ് ഡ്യൂട്ടി. 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ ഒമ്പത് തവണ കേന്ദ്രം ഈ നികുതി വര്‍ധിപ്പിച്ചു. എണ്ണ വില കുറഞ്ഞപ്പോള്‍ നികുതി കൂട്ടി വില ഉയര്‍ത്തി നിര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒരു തവണ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ലിറ്ററിന് രണ്ടു രൂപ എക്‌സൈസ് നികുതി കുറച്ചത്. ക്രൂഡ് ഓയിലിന് 20 ശതമാനം വാണിജ്യ വികസന സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയ ദുരന്തസാധ്യതാ ഡ്യൂട്ടി മെട്രിക് ടണ്ണിന് 50 രൂപയാണ്. ക്രൂഡ് ഓയിലിന് നിലവില്‍ കസ്റ്റംസ് ഡ്യൂട്ടി ഇല്ല. എന്നാല്‍, ഡീസലിന്റെയും പെട്രോളിന്റെയും കസ്റ്റംസ് ഡ്യൂട്ടി 2.5 ശതമാനമാണ്. സംസ്ഥാന വില്‍പന നികുതിയുടെയും വാറ്റിന്റെയും നിരക്ക് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. എക്‌സൈസ് ഡ്യൂട്ടി നിശ്ചിതമാണെങ്കിലും വാറ്റ് അങ്ങനെയല്ല. അതില്‍ വിലയ്ക്കനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാവും. ഇന്ധനവില കൂടുന്നതിനനുസരിച്ച് ഇത് കൂടുതല്‍ ലഭിക്കും. ധനക്കമ്മി നേരിടുന്നതിനു സംസ്ഥാനങ്ങള്‍ പെട്രോളിന്റെയും ഡീസലിന്റെയും ഈ നികുതികള്‍ ഉയര്‍ത്തുകയാണ് ചെയ്യുക. അസം 12.7 ശതമാനം ധനക്കമ്മി നേരിട്ടപ്പോള്‍ ലിറ്ററിന് 32.66 ശതമാനം വാറ്റ് ഏര്‍പ്പെടുത്തി. ലിറ്ററിന് 14 രൂപയാണ് ഇത്തരത്തില്‍ ഉയര്‍ന്നത്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇതു കൂടാതെ ഇതില്‍ നിന്നെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലാഭവിഹിതം, വിതരണ ലാഭവിഹിതം, കോര്‍പറേറ്റ് നികുതി തുടങ്ങി വേറെയും വരുമാനമുണ്ട്.
പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാലും എണ്ണവില താഴുകയോ സാധാരണക്കാരന് ആശ്വാസം ലഭിക്കുകയോ ചെയ്യില്ല. നേരത്തേയുള്ള നികുതിയുടെ അതേ നിരക്കില്‍ ഇതിന് ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നാണ് ജിഎസ്ടി തത്ത്വം. ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന നിരക്കായ 28 ശതമാനത്തിലാണ് ഇത് ഉള്‍പ്പെടുത്താനാവുക. അതു കൊണ്ട് വില കുറയില്ല.

RELATED STORIES

Share it
Top