പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു; കാഴ്ചക്കാരായി ഭരണകൂടം

കൊച്ചി: കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ജനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി പെട്രോളിന്റെയും ഡീസലിന്റെയും വില കുതിക്കുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നതിനെ താല്‍ക്കാലികമായി കേന്ദ്രസര്‍ക്കാര്‍ കടിഞ്ഞാണിട്ടിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞ 13ന് അര്‍ധരാത്രി മുതല്‍ വില കുതിച്ചുയരുകയാണ്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊച്ചിയില്‍ മാത്രം പെട്രോളിന് 50 പൈസയുടെയും ഡീസലിന് 68 പൈസയുടെയും വിലവര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് പമ്പുടമകള്‍ പറയുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 77.88 രൂപയും ഡീസലിന് 71.06 രൂപയുമായിരുന്നു കൊച്ചിയിലെ ഇന്നലത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 79.16 രൂപയും ഡീസലിന് 72.27 രൂപയും കോഴിക്കോട് പെട്രോളിന് 78.18 രൂപയും ഡീസലിന് 71.37 രൂപയുമായിരുന്നു. കഴിഞ്ഞ 24 ദിവസത്തിനുള്ളില്‍ പെട്രോളിനും ഡീസലിനുമായി ഒരു രൂപയുടെ അടുത്താണ് വില വര്‍ധിച്ചത്.
ജില്ലകള്‍ മാറുന്നതനുസരിച്ച് കടത്തുകൂലിയുടെ കൂടി അടിസ്ഥാനത്തില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതികൂടി വരുന്നതാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇത്രയധികം വര്‍ധന ഉണ്ടാവുന്നതെന്നാണ് പമ്പുടമകളുടെ വാദം. ഒരു ലിറ്റര്‍ പെട്രോളിനും ഡിസലിനും വരുന്ന വിലയുടെ 52 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 31.08 ശതമാനവും ഡീസലിന് 24.52 ശതമാനവും നികുതിയുണ്ട്. പെട്രോളില്‍ 19.23 രൂപയും ഡീസലില്‍ 16.80 രൂപയും കേന്ദ്രനികുതിയാണ്.
രാജ്യാന്തര തലത്തില്‍ ക്രൂഡോയിലിലുണ്ടാവുന്ന വിലവര്‍ധനയാണ് പെട്രോള്‍, ഡീസല്‍ വില ഉയരാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികുളുടെ വാദം. എന്നാല്‍, ക്രൂഡോയിലിന്റെ വില വര്‍ധിക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികള്‍ വില കുറയുമ്പോള്‍ പേരിനു മാത്രമായി വില കുറയ്ക്കുന്നതല്ലാതെ ക്രൂഡോയിലിന്റെ കുറഞ്ഞ വിലയ്ക്ക് ആനുപാതികമായി വില കുറയ്ക്കുന്നില്ല. 2017 ജൂലൈ 17 മുതലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി നിശ്ചയിക്കുന്ന സംവിധാനം രാജ്യത്തു വന്നത്. അന്നുമുതല്‍ വില മുകളിലോട്ടു കുതിക്കുന്നതല്ലാതെ താഴ്ന്നിട്ടില്ല. ക്രൂഡോയിലിന്റെ വില താഴുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി നാമമാത്രമായ കുറവ് വരുത്തുന്നതല്ലാതെ ഒരിക്കല്‍ പോലും പൊതുജനത്തിന് ഉപകാരപ്രദമാവുന്ന വിധത്തില്‍ വിലയില്‍ താഴ്ചയുണ്ടായിട്ടില്ല.
ദിവസവും 10 മുതല്‍ 25 പൈസ വരെയുള്ള വര്‍ധന മാത്രം ഉണ്ടാവുന്നതിനാല്‍ വിലവര്‍ധന യഥാര്‍ഥത്തില്‍ ജനങ്ങള്‍ അറിയുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ ജനങ്ങളുടെ ഭാഗത്തുനിന്നു കാര്യമായ പ്രതിഷേധങ്ങളുമുണ്ടാവുന്നില്ല. ഇത് എണ്ണക്കമ്പനികള്‍ക്ക് ഏറെ ഗുണകരമാവുകയും ജനങ്ങളുടെ പോക്കറ്റ് അവരറിയാതെ തന്നെ കാലിയാവുകയും ചെയ്യും. സാധാരണക്കാരായ ജനങ്ങളാണ് പെട്രോള്‍, ഡീസല്‍ വിലവര്‍ധനയുടെ ബുദ്ധിമുട്ട് ഏറ്റവും കൂടുതല്‍ നേരിടുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് പെട്രോള്‍, ഡീസല്‍ വില നീങ്ങിക്കൊണ്ടിരിക്കുന്നതെന്നു പമ്പുടമകള്‍ തന്നെ സമ്മതിക്കുന്നു.

RELATED STORIES

Share it
Top