പെട്രോളിയം സംഭരണശാല: പദ്ധതി തള്ളാതെ സര്‍ക്കാര്‍

പയ്യന്നൂര്‍: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് പുഞ്ചക്കാട്ട് നിര്‍മിക്കാനുദ്ദേശിക്കുന്ന പെട്രോളിയം സംഭരണശാലയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകവെ പദ്ധതി പൂര്‍ണമായും തള്ളാതെ സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സമ്മിശ്ര വിശദീകരണമാണ് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയത്. എണ്ണ സംഭരണശാല സ്ഥാപിക്കുന്നതു വഴിയുള്ള ഗുണങ്ങള്‍ കാണാതിരിക്കാനാവില്ലെന്നും പദ്ധതി നടപ്പാക്കുന്നതോടെ ആ ഭാഗത്ത് ഇന്ധനലഭ്യത കൂടുമെന്നും സി കൃഷ്ണന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. റോഡുകളിലൂടെയുള്ള ടാങ്കര്‍ലോറികളുടെ സഞ്ചാരം ഗണ്യമായി കുറയ്ക്കാനാവും. നിര്‍മാണ ജോലി മുഖേനയും അല്ലാതെയും തൊഴിലവസരങ്ങള്‍ വര്‍ധിക്കും. പദ്ധതിക്കായി എച്ച്പിസിഎല്‍ പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയുടെ അംഗീകാരം നേടിയിട്ടുണ്ടെങ്കിലും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. എണ്ണ സംഭരണ ശാലകള്‍ സ്ഥാപിക്കുന്നതിന് ഓയില്‍ ഇന്‍ഡസ്ട്രീസ് സേഫ്റ്റി ഡയറക്ടറേറ്റ്, പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ അനുമതി വേണം. സുരക്ഷ സംബന്ധിച്ച് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് സൈറ്റ് അപ്രൈസലും നല്‍കണം. എന്നാല്‍, ഇതുസംബന്ധിച്ച് കമ്പനി അപേക്ഷ നല്‍കിയിട്ടില്ല. ഭൂവുടമകളുടെ സമ്മതത്തോടെ മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ എന്നാണ് കമ്പനിയുടെ വാദം. നിയമപ്രകാരമുള്ള പുനരധിവാസവും നഷ്ടപരിഹാര നടപടികളും സ്വീകരിക്കും. ഭൂമി എറ്റെടുക്കുന്നതു സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍, പാരിസ്ഥിതിക ആഘാത പഠന റിപോര്‍ട്ടിലെ അപാകതകള്‍ സംബന്ധിച്ച തെളിവെടുപ്പില്‍ എതിര്‍പ്പുകളുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് കലക്്ടര്‍ യോഗത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED STORIES

Share it
Top