പൂളില്‍ മുങ്ങി സിറ്റി; ബാഴ്‌സലോണയ്ക്കും ജയം


ആന്‍ഫീല്‍ഡ്/ ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആദ്യ പാദ ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ലിവര്‍പൂളും ബാഴ്‌സലോണയും. ഇംഗ്ലീഷ് പോരില്‍ കരുത്തരായ സിറ്റിയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയപ്പോള്‍ എ എസ് റോമയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ മുട്ടുകുത്തിച്ചത്.
ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മല്‍സരത്തിന്റെ 12ാം മിനിറ്റില്‍ തന്നെ ആതിഥേയര്‍ അക്കൗണ്ട് തുറന്നു. മുഹമ്മദ് സലാഹാണ് ലിവര്‍പൂളിന് ലീഡ് സമ്മാനിച്ചത്. 21ാം മിനിറ്റില്‍ ഓക്‌സ്‌ലേയ്ഡും 31ാം മിനിറ്റില്‍ മാനെയുമാണ് ലിവര്‍പൂളിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ത്തന്നെ മൂന്ന് ഗോളിന്റെ ആധിപത്യം നേടിയ ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ സിറ്റിയെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തിയപ്പോള്‍ തകര്‍പ്പന്‍ ജയം ലിവര്‍പൂളിനൊപ്പം നിന്നു.
സ്വന്തം തട്ടകത്തില്‍ ബൂട്ടണിഞ്ഞ ബാഴ്‌സലോണയും ആവേശ ജയമാണ് അക്കൗണ്ടിലാക്കിയത്. 38ാം മിനിറ്റില്‍ ഡാനിയെല്ലി ഡി റോസിയുടെ സെല്‍ഫ് ഗോളിലൂടെ ബാഴ്‌സലോണ ലീഡെടുത്തപ്പോള്‍ 55ാം മിനിറ്റില്‍ കോണ്‍സ്റ്റാന്റിനോസ് മനോലാസ് ബാഴ്‌സയ്ക്ക് രണ്ടാം സെല്‍ഫ് ഗോള്‍ സമ്മാനിച്ചു. പിന്നീട് 59ാം മിനിറ്റില്‍ പിക്വെയും 87ാം മിനിറ്റില്‍ സുവാരസും ബാഴ്‌സലോണയ്ക്കായി ലക്ഷ്യം കണ്ടപ്പോള്‍ 80ാം മിനിറ്റില്‍ എഡിന്‍ ഡിസീക്കോയിലൂടെ റോമ ആശ്വാസ ഗോള്‍ കണ്ടെത്തുകയായിരുന്നു.

RELATED STORIES

Share it
Top