പൂര്‍ത്തീകരിക്കുന്നതിന് മുമ്പേ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ

കാളികാവ്: തുടര്‍ച്ചയായ പൈപ്പ് പൊട്ടല്‍ ചോക്കാട് ജലനിധി പദ്ധതിക്ക് ശാപമാവുന്നു. നാല് വര്‍ഷത്തിലേറെയായി ചോക്കാട് ഗ്രാമ പഞ്ചായത്തില്‍ ജലനിധി പദ്ധതി നിര്‍മാണം തുടങ്ങിയിട്ട്. ഓരോ വര്‍ഷവും ഏപ്രില്‍ ഒന്നാം തിയ്യതിക്ക് മുമ്പ് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് പറയുന്നുണ്ട്. ഗുണഭോക്താക്കള്‍ പരാതിയുമായി പഞ്ചായത്തിലെത്തിയാല്‍ പരിഹരിക്കുമെന്ന് പറയുകയല്ലാതെ പദ്ധതി ഇത് വരേ പൂര്‍ത്തീകരിച്ചിട്ടില്ല. കാളികാവ് പഞ്ചായത്തിലെ മധുമല പദ്ധതിയില്‍ നിന്നാണ് ചോക്കാട് പഞ്ചായത്തിലെ ജലനിധി പദ്ധതിയിലേക്ക് വെള്ളം എത്തിക്കുന്നത്. ചോക്കാട് ജലനിധിയും മറ്റൊരു മധുമല പദ്ധതി പോലെ നിത്യവും പൊട്ടിയും വെള്ളം പാഴാകലും പതിവാണ്. മാളിയേക്കല്‍ റോഡില്‍ ശനിയാഴ്ച ഉച്ചക്ക് പൈപ്പ് പൊട്ടി ധാരാളം വെള്ളം പാഴാകുന്നുണ്ട്. പാറമ്മലിലും വെള്ളപൊയിലിലുമാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. മധുമല പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടുന്നത് പോലെ തന്നെ ജലനിധി ലൈനിലും പൈപ്പ് പൊട്ടി ധാരാളം വെള്ളമാണ് പാഴാകുന്നത്. നിരവധി സമരങ്ങള്‍ നടന്നെങ്കിലും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. തൊഴിലുറപ്പില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ പോലും അനുമതിയില്ലാത്തതിനാല്‍ ഇത്തവണ ജലക്ഷാമം രൂക്ഷമാകും. കഴിഞ്ഞ വര്‍ഷം വേനലില്‍ വാഹനത്തില്‍ വെള്ളം എത്തിച്ചാണ് ജലക്ഷാമം ഏറെക്കുറേ പരിഹരിച്ചത്. മാര്‍ച്ച് അവസാനത്തില്‍ ജലനിധി പദ്ധതി ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. നവീകരിച്ച് കൊണ്ടിരിക്കുന്ന മാളിയേക്കല്‍ റോഡാണ് ശനിയാഴ്ച പൈപ്പ് പൊട്ടി തകര്‍ന്നത്.

RELATED STORIES

Share it
Top