പൂരനഗരിയില്‍ നാളെ വേദികളുണരും

പി  എച്ച്  അഫ്‌സല്‍

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനു നാളെ സാംസ്‌കാരിക നഗരിയില്‍ വേദികളുണരും. രാവിലെ 10നു തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിയായ 'നീര്‍മാതള'ത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി നൂറുകണക്കിനു വിദ്യാര്‍ഥികള്‍ ഒരുക്കുന്ന ദൃശ്യവിസ്മയം അരങ്ങേറും. അഞ്ചു ദിവസം 24 വേദികളിലായി അരങ്ങേറുന്ന കൗമാരകലാമേളയി ല്‍ 10,000ത്തിലധികം വിദ്യാര്‍ഥികളാണു വേദിയിലെത്തുന്നത്. കലോല്‍സവത്തിന്റെ അക്കാദമിക് നിലവാരം വര്‍ധിപ്പിക്കുന്ന നടപടികള്‍ തുടരുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കലോല്‍സവത്തോട് അനുബന്ധിച്ച് തൃശൂര്‍ രാമനിലയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കലോല്‍സവം സംബന്ധിച്ചു ഗവേഷണ പ്രബന്ധം കണക്കെ കലോല്‍സവ രേഖ പുറത്തിറക്കും. പങ്കെടുത്ത എല്ലാവര്‍ക്കും ഇത്തവണ മുതല്‍ ട്രോഫി സമ്മാനിക്കും. അപ്പീലുകള്‍ ഒഴിവാക്കുന്നതിനു പകരം കലോല്‍സവം സംബന്ധിച്ച പരാതികള്‍ ഒഴിവാക്കാനാണു നീക്കം. രണ്ടു തവണ തുടര്‍ച്ചയായി വിധികര്‍ത്താക്കളായവരെ ഒഴിവാക്കിയാണു പുതിയ പാനല്‍ തയ്യാറാക്കിയിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകരെയും കാണികളെയും കൂടി ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കിയിട്ടുണ്ട്. വിധിനിര്‍ണയം സംബന്ധിച്ചും വിധികര്‍ത്താക്കളെ നിരീക്ഷിക്കുന്നതിനുമായി വിജിലന്‍സ് കവറേജ് ഒരുക്കിയിട്ടുണ്ട്. കലോല്‍സവ വേദികളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ബസ് സര്‍വീസ് സജ്ജമാക്കിയിട്ടുണ്ട്. തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ കലോല്‍സവ സ്റ്റാമ്പ് പുറത്തിറക്കും. കലോല്‍സവം സംബന്ധിച്ചു യുനസ്‌കോ പ്രതിനിധികള്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. മികച്ച കലാപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി വെബ്‌സൈറ്റ് ആരംഭിക്കും. ടൂറിസം പ്രമോഷന്റെ ഭാഗമായി കലോല്‍സവത്തെ കൂടുതല്‍ ജനകീയമാക്കാന്‍ നടപടി സ്വീകരിക്കും. ജനുവരി 10നു കലോല്‍സവം സമാപിക്കും. വൈകീട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍, മേയര്‍ അജിതാ ജയരാജന്‍, കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കലക്ടര്‍ ഡോ. എ കൗശിഗന്‍, സബ് കലക്ടര്‍ രേണുരാജ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top